കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ ഇറക്കം. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 80 രൂപ താഴ്ന്ന് 81,520 രൂപയുമായി. ഇന്നലെ കുറിച്ച ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമാണ് റെക്കോർഡ്. 

അതേസമയം, റെക്കോർഡുകൾ പഴങ്കഥയാക്കി മുന്നേറുകയാണ് വെള്ളി. ഇന്നു ഗ്രാമിന് ഒരു രൂപ വർധിച്ച് വെള്ളിവില 140 രൂപയെന്ന നാഴികക്കല്ല് തൊട്ടു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ശരാശരി 90 രൂപയായിരുന്ന വിലയാണ്, ഒറ്റവർഷംകൊണ്ട് 50 രൂപയോളം കുതിച്ചുകയറിയത്. വെള്ളിവില വർധിക്കുന്നത് പാദസരം, അരഞ്ഞാണം, വള തുടങ്ങി വെള്ളികൊണ്ടുള്ള ആഭരണങ്ങൾ, വെള്ളിപ്പാത്രങ്ങൾ, പൂജാസാമഗ്രികൾ‌ തുടങ്ങിയവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവർക്കും തിരിച്ചടിയാണ്.