കല്‍പ്പറ്റ:മുണ്ടക്കൈ, ചുരല്‍മല  ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍   കേന്ദ്ര സര്‍ക്കാരിന്  തീരുമാനമെടുക്കാന്‍  സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.  വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് നേരത്തെതന്നെ ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണ്.12 ബാങ്കുകളില്‍നിന്നായി 32.3 കോടിയോളം രൂപയുടെ വായ്പയാണുള്ളത്. ഈ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി അവസാന അവസരം നല്‍കിയത്. ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ്  കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അന്ന് കോടതിയില്‍ വ്യക്തമാക്കിയത്. ഇന്ന് വീണ്ടും കേസ് പരിഗണിക്കാന്‍ ഇരിക്കുകയാണ്  തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി കേന്ദ്രസര്‍ക്കാര്‍ സാവകാശം തേടിയത്.അതിനിടെയാണ് പഞ്ചാബിനും ഹിമാചലിനും 1600 ഉം 1500 ഉം കോടി ധനസഹായം മോദി പ്രഖ്യാപിച്ചത്. സാങ്കേതികത്വത്തിന്റെ പേരില്‍ കേരളത്തെ അവഗണിക്കുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്തത് എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.