കാര്‍ പോര്‍ച്ചില്‍ മദ്യവും സ്‌ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായ സംഭവത്തില്‍ വഴിത്തിരിവ്. അറസ്റ്റിലായ പുല്‍പ്പള്ളി, മരക്കടവ്, കാനാട്ടുമലയില്‍ തങ്കച്ചന്‍(അഗസ്റ്റിന്‍) നിരപരാധിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അഗസ്റ്റിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്.  പ്രതികള്‍ മദ്യവും സ്‌ഫോടക വസ്തുക്കളും നിര്‍ത്തിയിട്ട കാറിനടിയില്‍ കൊണ്ടു വയ്ക്കുകയായിരുന്നു.

അഗസ്റ്റിനെ കുടുക്കാന്‍  കര്‍ണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തന്‍വീട് പി.എസ്. പ്രസാദ് (41)നെ പുല്‍പള്ളി പോലീസ് അറസ്റ്റ് ചെയ്തു.  ഇയാള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് മദ്യം വാങ്ങിയ തെളിവും ലഭിച്ചു. മദ്യവും സ്‌ഫോടക വസ്തുക്കളും കാര്‍ ഷെഡില്‍ കൊണ്ടു വച്ച യഥാര്‍ത്ഥ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യും. ഗൂഡലോചനയില്‍കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

ആഗസ്റ്റ് 22 നാണ്  തങ്കച്ചന്‍ അറസ്റ്റിലായത്. തങ്കച്ചന്‍ നിരപരാധിയാണെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കൃത്യമായ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചു. പോലീസില്‍ വിവരം നല്‍കിയവരുടെ ഉള്‍പ്പെടെയുള്ള ഫോണ്‍ രേഖകളും മറ്റു തെളിവുകളും ശേഖരിച്ച് പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നത്. അഗസ്റ്റിന്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ വെറുതെ വിടാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.