രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് ബാറ്ററികള്‍ സമയബന്ധിതമായ എന്‍ഡോസ്‌കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം. ബത്തേരി മൂലങ്കാവ് സ്വദേശിയായ കുട്ടിയാണ് ചികിത്സക്കായി എത്തിയത്. ഗാസ്ട്രോ എന്ററോളജി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എന്‍ഡോസ്‌കോപ്പി നടപടിയിലൂടെയാണ് ബാറ്ററികള്‍ സുരക്ഷിതമായി പുറത്തെടുത്തത്.

വയറ്റിലെ ശക്തമായ അസിഡിക് പ്രവര്‍ത്തനത്തിന്റെ ഫലമായി ബാറ്ററികള്‍ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, അങ്ങനെ സംഭവിച്ചാല്‍ ബാറ്ററിയില്‍ നിന്നു പുറന്തള്ളപ്പെടുന്ന രാസവസ്തുക്കള്‍ കുടല്‍, കരള്‍ തുടങ്ങിയ പ്രധാന അവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഉദര - കരള്‍ രോഗവിഭാഗത്തിലെ ഡോ. അഖില്‍, ഡോ. അഞ്ജന എന്നിവരും ഈ ചികിത്സാ നടപടിയ്ക്ക് പിന്തുണ നല്‍കി. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.