പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷമാണ് യുവതിയുടെ ശരീരത്തിൽ നിന്ന് തുണി കഷ്ണം പുറത്ത് വന്നത്. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയാണ് പരാതി നൽകിയത്. സുഖ പ്രസവമായതിനാൽ ഒക്ടോബർ 23 -ന് അശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. ഇതിന് ശേഷം അസഹ്യമായ വേദനയെ തുടർന്ന് ആശുപത്രിയിലെത്തി രണ്ട് തവണ ഡോക്ടറെ കണ്ടിരുന്നു. എന്നാൽ കുഴപ്പമില്ലെന്നും വെള്ളം കുടിക്കാത്തതിൻ്റെ പ്രശ്നമാണെന്നും പറഞ്ഞ് മടക്കി അയച്ചു.രണ്ട് തവണ ആശുപത്രിയിൽ ചെന്നപ്പോഴും സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധന നടത്താൻ ഡോക്ടർ തയ്യാറായില്ല. തുണി കഷ്ണം പുറത്ത് വന്നതിന് ശേഷമാണ് സ്കാനിങ് നടത്തിയത്. നേരത്തെ സ്കാനിങ് നടത്തിയിരുന്നെങ്കിൽ ഇത്ര വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യമാണെന്നും പരാതിക്കാരി പറഞ്ഞു. പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.