കല്‍പ്പറ്റ: യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമുണര്‍ത്തി കല്‍പ്പറ്റയില്‍ പക്ഷിപാവകള്‍ പറന്നുയര്‍ന്നു. ഹെക്കി ബണക്ക് വയനാട് പക്ഷിമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച വിളംബരജാഥയാണ് കൗതുകമായത്. ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജി സംഘടിപ്പിക്കുന്ന മേള ഈ മാസം 14,15,16 തീയതികളില്‍ കല്‍പ്പറ്റ പുളിയാര്‍മല ഹ്യൂം ക്യാമ്പസിലാണ് നടക്കുന്നത്.
പക്ഷിക്കൂട്ടങ്ങളുടെ ശബ്ദം കേട്ട് നഗരത്തിലെ യാത്രക്കാരും നാട്ടുകാരും ഒന്ന് കാതോര്‍ത്തു. പക്ഷികളുടെ രൂപങ്ങള്‍ അണിഞ്ഞ് അവയുടെ ശബ്ദം ഉണ്ടാക്കി കുട്ടികള്‍ അണിനിരന്നതോടെ കൗതുകത്തോടെയാണ് നാട്ടുകാര്‍ കണ്ടുനിന്നത്. ഒപ്പം നാടന്‍പാട്ടും
ജാഥയ്ക്ക് ആവേശം കൂട്ടി. മുളന്തുരുത്തി ആല കള്‍ചറല്‍ സെന്ററിലെ മനു ജോസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള പക്ഷിപ്പാവകളുമായാട്ടായിരുന്നു ജാഥ സംഘടിപ്പിച്ചത്. ഹ്യും ടോമോ സ്‌കൂളിലെ കുട്ടികളാണ് പക്ഷികളുടെ രൂപങ്ങള്‍ അണിഞ്ഞ് ജാഥയില്‍ അണിനിരന്നത്. നഗരത്തിലെ മൂന്നു സ്ഥലങ്ങളില്‍ പക്ഷികളുടെ കഥ പറച്ചിലും ശ്രദ്ധേയമായി.
ഇന്ത്യയുടെ പക്ഷിമനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോ.സാലിം അലിയുടെ സ്മരണാര്‍ഥമാണ് 'കിളികളാവുക നാം, കിളിയൊഴിഞ്ഞിടം ശൂന്യം' എന്ന സന്ദേശവുമായി മേള സംഘടിപ്പിക്കുന്നത്. വയനാട്ടില്‍ മാത്രം കണ്ടുവരുന്നതും ജില്ലയുടെ പക്ഷിയായി തെരഞ്ഞെടുത്തതുമായ ബാണാസുര ചിലപ്പനാണ് മേളയുടെ ലോഗോ. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്നായി 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇതിന്റെ ഭാഗമായാണ് കല്‍പ്പറ്റയില്‍ പക്ഷിപാവകളുമായി വിളംബരജാഥ നടത്തിയത്. കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് മുതല്‍ ജൈത്ര ജംഗ്ഷന്‍ വരെ സംഘടിപ്പിച്ച ജാഥയില്‍ കുട്ടി പക്ഷിനിരീക്ഷകരും, പക്ഷിപ്രേമികളും, പ്രദേശനിവാസികളുമുള്‍പ്പെടെ അറുപതോളം പേര്‍ പങ്കെടുത്തു.
Comments (0)
No comments yet. Be the first to comment!