മുത്തങ്ങ: ലോറിയില്‍ പഞ്ചസാര ലോഡിനടിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച  നാലര ടണ്ണോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ എക്സൈസ് പിടികൂടി. സംഭവത്തില്‍ പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ വി. രമേശ്(47)നെ  എക്സൈസ് അധികൃതര്‍ അറസ്റ്റുചെയ്തു. തകരപ്പാടി എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.  കടത്താന്‍ ഉപയോഗിച്ച് വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. 
ഇന്നലെ രാത്രി നടത്തിയ വാഹനപരിശോധനിയിലാണ് കര്‍ണാടകയില്‍ നിന്ന് പഞ്ചസാരലോഡുമായി വന്ന ലോറിയില്‍ നിന്ന് നിരോധിത പുകയിലഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടിയത്.   പഞ്ചസാര ചാക്കുകള്‍ക്കടിയിലായാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച ചാക്കുകള്‍ ഒളിപ്പിച്ചിരുന്നത്. ഹാന്‍സിന്റെ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.  ഇത്തരത്തില്‍ 330 പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച 4205. 520 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നമാണ് പിടിച്ചെടുത്തത്.പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വാഹനവും പ്രതിയെയുമടക്കം തുടര്‍നടപടികള്‍ക്കായി എക്സൈസ് അധികൃതര്‍ സുല്‍ത്താന്‍ബത്തേരി പൊലിസിന് കൈമാറി.  എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധസംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എ.സി പ്രജീഷ്, എം.എം ബിനുമോന്‍, എക്സൈസ് ഓഫീസര്‍ പി.പി ജിതിന്‍ എന്നവരും ഉണ്ടായിരുന്നു. ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രമാണിച്ച് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയാണ് എക്സൈസും പൊലിസും നടത്തിവരുന്നത്.