തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്ന ഹൈസ്കൂൾ വിഭാഗം സംസ്ഥാനതല ശാസ്ത നാടക മത്സരത്തിൽ എ ഗ്രേഡ് നേടി വയനാട് വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.
സയൻസിലെ വനിതകൾ എന്ന വിഷയത്തിലൂന്നി മേരി ക്യൂറി,റേച്ചൽ കഴ്സൺ, ജാനകി അമ്മാൾ എന്നിവരുടെ ജീവിതകഥ പറയുന്ന മഗ്നോലിയ എന്ന നാടകമാണ് വിദ്യാലയം അരങ്ങിൽ എത്തിച്ചത്.  അലീന അനിൽ, കെ.വി അനാമിക,അനഘ ദേവൻ, വൈഗ സന്തോഷ്, അമൽ ജോസ്, ലെന ഷമീസ്, മുഹമ്മദ് ഷെമിൽ, മുഹമ്മദ് സഹൽ എന്നിവരാണ് അഭിനയമികവുകൊണ്ട് മഗ്നോലിയ മനോഹരമാക്കിയത്.
സ്കൂൾ ശാസ്ത്ര വിഭാഗം അധ്യാപിക വിദ്യാലക്ഷ്മി എസ്‌ എഴുതിയ നാടകം സംവിധാനം ചെയ്തത് പ്രകാശൻ കടമ്പൂരാണ്.