മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരുധിവാസത്തിനായി ടൗണ്‍ഷിപ്പിന്റെ പ്രാഥമിക രൂപരേഖ തയ്യാറായി. ദുരന്തബാധിതരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആയിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക. അതേസമയം ഭൂമി ഏറ്റെടുക്കല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കല്‍പ്പറ്റ നഗരസഭയിലെ എല്‍സ്റ്റണ്‍ , മേപ്പാടിയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമിയില്‍ തന്നെയാണ് ടൗണ്‍ഷിപ്പ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയുടെ കീഴിലുള്ള കിഫ്‌കോണ്‍ കണ്‍സള്‍ട്ടന്‍സി ആണ് രൂപരേഖ തയ്യാറാക്കിയത്.
രണ്ടു ടൗണ്‍ഷിപ്പിലും, 500 ഓളം വീടുകള്‍, ആശുപത്രി, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ ,റോഡുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. രണ്ട് സ്‌കൂളുകള്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളത് എവിടെ വേണമെന്ന് ദുരിതബാധിതരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും നിര്‍മ്മിക്കുക. ദുരന്തബാധിതരുമായുള്ള ചര്‍ച്ചയ്ക്കുശേഷം അവരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും അന്തിമ രൂപരേഖ തയ്യാറാക്കുക. ഭൂമി ഏറ്റെടുക്കല്‍ ഉത്തരവ് റദ്ദാക്കണമെന്നുള്ള എസ്റ്റേറ്റ് മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി എന്ന് പരിഗണിക്കും. കോടതിയില്‍ നിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിറങ്ങി 75 ദിവസത്തിനകം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നുണ്ട്. ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരം ഉണ്ടാകുമെന്നാണ് നിയമ വിദഗ്ധരുടെ പ്രതീക്ഷ അങ്ങനെയെങ്കില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.