തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്ച വയനാട്ടിലെത്തുന്ന പ്രിയങ്ക രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴ, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മല്‍ മൂന്നരയ്ക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്, വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ എന്നിവിടങ്ങളിലെ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ പി അനില്‍ കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളും പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളും യുഡിഎഫ് പൂര്‍ത്തിയാക്കിയിരുന്നു. രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന പ്രവര്‍ത്തകരുമാണ് പ്രിയങ്കയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലത്തില്‍ എത്തുന്നത്. സിപിഐയിലെ സത്യന്‍ മൊകേരി, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികള്‍.