ഉരുള്‍പൊട്ടല്‍; കര്‍ഷകര്‍ക്ക് 3.72 കോടി രൂപയുടെ വായ്പ കുടിശിക

0

വയനാട്ടില്‍ ഉരുള്‍പൊട്ടലിനിരയായ കര്‍ഷകര്‍ക്ക് 3.72 കോടി രൂപയുടെ വായ്പ കുടിശികയെന്ന് കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട്. 439 വായ്പകളിലാണു കുടിശിക. വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടികളും കൃഷി വകുപ്പ് ആരംഭിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൃഷി വകുപ്പിന്റെ വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭങ്ങള്‍ക്കുള്ള അടിയന്തര സഹായവും ഉടന്‍ പ്രഖ്യാപിക്കും .

മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കൃഷി അഡിഷനല്‍ ഡയറക്ടര്‍(പ്ലാനിങ്) കണ്‍വീനറായി 11 അംഗ സമിതി രൂപീകരിച്ചു. കൃഷി, മണ്ണു പര്യവേഷണം മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍, 14 ജില്ലകളിലെയും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍, ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി തുടങ്ങിയവരും സമിതിയിലുണ്ട്.

ജൂലൈ 30ന് വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 165 ഹെക്ടര്‍ വിളനാശവും 110 ഹെക്ടര്‍ കൃഷി ഭൂമിയുടെ നാശവും സംഭവിച്ചെന്ന് കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട്. കാപ്പി, കുരുമുളക്, ഏലം, തേയില, കവുങ്ങ്, തെങ്ങ്, വാഴ, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും നശിച്ചത്. വിളനാശത്തിലൂടെ 11.3 കോടിയുടെയും കൃഷി ഭൂമി നാശത്തിലൂടെ 52.80 കോടി രൂപയുടെയും നഷ്ടമുണ്ടായി. 72.75 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങളും നശിച്ചു. 430 പേരുടെ കൃഷിയാണ് നശിച്ചത്. 225 പേര്‍ക്ക് സംഭരിച്ചുവച്ച കാര്‍ഷിക വിളകളും നഷ്ടമായി.

 

Leave A Reply

Your email address will not be published.

error: Content is protected !!