വയനാട് പാര്‍ലമെന്റ് ഉപാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം. പി. യുമായ രാഹുല്‍ ഗാന്ധിയോടൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കുകയെന്ന് വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. പറഞ്ഞു. യു.ഡി.എഫിന്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാവും. പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി കോര്‍ഡിനേറ്റര്‍ കൂടിയായ ടി. സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ എന്‍.ഡി. അപ്പച്ചന്‍, യു. ഡി. എഫ്. ജില്ലാ കണ്‍വീനര്‍ പി. ടി. ഗോപാലക്കുറുപ്പ്, യു. ഡി. എഫ്. ജില്ലാ കണ്‍വീനര്‍ ടി. മുഹമ്മദ്, ടി. ഉബൈദുള്ള എം.എല്‍.എ. തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.