വയനാട്ടില്‍ വീണ്ടും അപകടകാരിയായ ആഫ്രിക്കന്‍ ഒച്ച്
കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി. തരിയോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും ക്രിസ്റ്റഫര്‍ തുറവേലിക്കുന്ന് എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് കണ്ടെത്തിയത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞന്‍ ഡോ. പി കെ പ്രസാദന്‍, പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ജോര്‍ജ് ചാണ്ടി,സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ശ്രീരാജ് പി.ആര്‍,എന്നിവരാണ് കണ്ടെത്തിയത്.
ലോകത്തെ 100 അക്രമി ജീവിവര്‍ഗ്ഗങ്ങളില്‍പ്പെട്ട ഭീമന്‍ ആഫ്രിക്കന്‍ ഒച്ച് മഴക്കാലത്താണ് എത്തുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ മുട്ടയിട്ടു പെരുകും. 1847-ല്‍ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യമായി ഇവയെ കണ്ടുതുടങ്ങിയത്. 1970-കളില്‍ പാലക്കാട്ടെത്തി. അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ശാസ്ത്രനാമം. 2005 മുതലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ ഒച്ചുകളെ കണ്ടുതുടങ്ങിയത്. ആറുമുതല്‍ 10 വര്‍ഷംവരെ ജീവിച്ചിരിക്കും.പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒച്ചിന് 20 cm വരെ നീളവും 250 gm തൂക്കവും ഉണ്ടായിരിക്കും.കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ആക്രമണം മൂലം വലിയ കൃഷിനാശം ഉണ്ടായിട്ടുണ്ട്. കാര്‍ഷിക ലോകത്തിനും,ജൈവവൈവിധ്യ മേഖലയിലും ഇവ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്.
2016 ല്‍ ചുള്ളിയോട് ആണ് വയനാട്ടില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്.ഒരു ഒച്ചില്‍ത്തന്നെ ആണ്‍-പെണ്‍ ലൈംഗികാവയവങ്ങളുണ്ട്. ഇവ ഇണയെ കണ്ടെത്തി, വലിയ ഒച്ചുകളാണെങ്കില്‍ ഇണ ചേര്‍ന്ന് രണ്ട് ഒച്ചുകളിലും മുട്ടകള്‍ ഉണ്ടാകും. ഇണകളില്‍ ഒന്ന് ചെറുതാണെങ്കില്‍ വലിയ ഒച്ചു മാത്രമേ മുട്ടയിടൂ. ഒച്ചിന് തന്റെ ശരീരത്തില്‍ രണ്ടു വര്‍ഷത്തോളം ബീജങ്ങളെ സൂക്ഷിച്ചുവെക്കാന്‍ കഴിയും. ഇണചേരല്‍ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ മണ്ണിനുള്ളില്‍ 500 മുട്ടകളടങ്ങിയ മുട്ടക്കൂട്ടങ്ങളിടുന്നു. മുട്ടകള്‍ രണ്ടാഴ്ചകൊണ്ട് വിരിയും.ആറു മാസംകൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. ഒരു ആഫ്രിക്കന്‍ ഒച്ചിന്റെ രണ്ടു മുട്ടയിടലുകള്‍ തമ്മിലുള്ള ഇടവേള രണ്ട്-മൂന്ന് മാസമാണ്. അനുകൂല കാലാവസ്ഥയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഒച്ച് നാലു പ്രാവശ്യമായി 1200 മുട്ടവരെ ഇടും.സന്ധ്യകഴിഞ്ഞാണ് ഒച്ചുകള്‍ തടങ്ങളില്‍നിന്ന് പുറത്തുവരുന്നത് പുലര്‍ച്ചെവരെ ചെടികള്‍ തിന്നുതീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, ഓര്‍ക്കിഡ്, ആന്തൂറിയം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ തിന്നു മുടിക്കും. പുല്ലുവര്‍ഗം ഒഴികെ മറ്റെല്ലാ ചെടികളും പ്രത്യേകിച്ച് തൈകളും തളിരുകളും നശിപ്പിക്കും.റബ്ബര്‍പാല്‍ പോലും ഇവയ്ക്ക് ഇഷ്ടപാനീയമായതോടെ വലിയ സാമ്പത്തികനഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാവുന്നത്.
മനുഷ്യനില്‍ രോഗങ്ങള്‍ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. ഒച്ചിന്റെ ശരീരത്തില്‍ തെങ്ങിന്റെ കൂമ്പുചീയല്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കണ്ടത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും ഉപദ്രവകാരികളായ ഈ ഒച്ചുകള്‍ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്‌നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്. ഒച്ചിനെ നന്നായി പാകം ചെയ്യാതെ ഭക്ഷിക്കുന്നവരിലാണിതു കണ്ടുവരുന്നത്.ബോര്‍ഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതും ഇവയെ നിയന്ത്രിക്കാന്‍ ചെയ്യാറുണ്ട്.ധാരാളം കാത്സ്യമടങ്ങിയ ഇവയുടെ തോട് പൊടിച്ചു മണ്ണില്‍ ചേര്‍ക്കുന്നത് മണ്ണിന്റെ പുളിരസം കുറയ്ക്കാനും കാത്സ്യം കിട്ടാനും ഉപകരിക്കുന്നു. തെങ്ങിന്‍ തടത്തില്‍ ഇവയെ കൊന്നു കുഴിച്ചുമൂടുന്നത് നല്ല വളമാണ്. കൂടാതെ ഒച്ചുകളെ ചാണകവും മറ്റു ജൈവവസ്തുകളും ഉപയോഗിച്ച് കമ്പോസ്റ്റാക്കാനും സാധിക്കും. താറാവ്, കോഴി, പന്നി, മീന്‍ എന്നിവയ്ക്ക് തീറ്റയായി ഇവയെ നല്‍കാം. മലേഷ്യയിലും ശ്രീലങ്കയിലും താറാവിനും മീനിനും തീറ്റയായി ഈ ഒച്ചുകളെ ഉപയോഗിച്ചിരുന്നു.