ഫെബ്രുവരി മാസത്തെ റേഷന്‍ സംസ്ഥാനത്ത് ഇന്നു കൂടി വാങ്ങാം. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചതാണിത്. എല്ലാ മാസവും സ്റ്റോക്ക് അപ്ഡേഷനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ഇത്തവണ നാളെ (മാര്‍ച്ച് രണ്ട്) ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.ഇപോസ് മെഷീനിലെ തകരാര്‍ മൂലം ഇന്നലെയും പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്.
മാര്‍ച്ച് മാസത്തില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് നിലവിലെ റേഷന്‍ വിഹിതത്തിന് പുറമെ, ഒരു കാര്‍ഡിന് നാലു കിലോ അരിയും, വെള്ള കാര്‍ഡിന് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കില്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനാണ്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മാത്രമാകും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം ഗുരുതര രോഗബാധിതര്‍ക്ക് മുന്‍ഗണന കാര്‍ഡിനുള്ള അപേക്ഷ എല്ലാമാസവും 19 ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് നല്‍കാം.