മാനന്തവാടി ക്ഷീര സംഘത്തിന് ദേശീയ അംഗീകാരം.
രാജ്യത്തെ മികച്ച ക്ഷീരസംഘത്തിനുള്ള കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയത്തിന്റെ ഗോപാല്‍ രത്ന പുരസ്‌കാരം മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്റോയുമടങ്ങുന്നതാണ് അവാര്‍ഡ്.മൃഗസംരക്ഷണ-ക്ഷീരമേഖലയില്‍ രാജ്യത്തെ ഏറ്റവും ഉന്നത പുരസ്‌ക്കാരങ്ങളിലൊന്നാണിത്.ദേശീയ ക്ഷീരദിനമായ 26ന് ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. സംസ്ഥാനത്ത് അവാര്‍ഡിന് അര്‍ഹമായ ഏകസംഘമാണ്.ആറ് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച മാനന്തവാടി ക്ഷീരസംഘത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. 22,000 ലിറ്ററില്‍പരം പാലാണ് പ്രതിദിനം എടുക്കുന്നത്. ഉല്‍പ്പാദനത്തില്‍ സംസ്ഥാനത്തെ ആപ്‌കോസ് സംഘങ്ങളില്‍ ഒന്നാമതാണ്. 35000 ലിറ്റര്‍ സംഭരണശേഷിയുണ്ട്.
മാനന്തവാടി നഗരസഭാ പരിധിയിലെ 1500 കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിക്കുന്നുണ്ട്. നഗരത്തില്‍ സ്വന്തം ഉടമസ്ഥതയില്‍ 34 സെന്റില്‍ 10,000 ചതുരഅടി വിസ്തീര്‍ണത്തിലുള്ള കംപ്യൂട്ടറൈസ്ഡ് ഓഫീസിലാണ് പ്രവര്‍ത്തനം. 20,000 ലിറ്റര്‍ പാല്‍ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള ബിഎംസി യൂണിറ്റും 15,000 ലിറ്ററിന്റെ സൈലോ ടാങ്കുമുണ്ട്. 123 പാല്‍സംഭരണ കേന്ദ്രങ്ങളും 23 കാലിത്തീറ്റ ഡിപ്പോകളും 22,000 ലിറ്റര്‍ മലിനജല സംസ്‌കരണ പ്ലാന്റുമുണ്ട്. 32 സ്ഥിരം ജീവനക്കാരും 19 താല്‍ക്കാലിക ജീവനക്കാരുമാണുള്ളത്. സിപിഐ എം വയനാട് ജില്ലാ കമ്മിറ്റിയംഗം പി ടി ബിജുവാണ് പ്രസിഡന്റ്. സെക്രട്ടറി എംഎസ് മഞ്ജുഷ.