ടി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. 56 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ മുന്നോട്ടുവച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റണ്‍സ് നേടി. 20 റണ്‍സെടുത്ത ടിം പ്രിംഗിള്‍ ആണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി നാല് ബൗളര്‍മാര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ വിക്രംജിത് സിംഗിന്റെ (1) കുറ്റി തെറിപ്പിക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 11 റണ്‍സ്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ നെതര്‍ലന്‍ഡ്‌സിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. അപകടകാരിയായ മാക്‌സ് ഒഡോവ്ഡിനെ (16) ക്ലീന്‍ ബൗള്‍ഡാക്കിയ അക്‌സര്‍ പട്ടേല്‍ ബാസ് ഡെ ലീഡിനെ (16) ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. ആദ്യ പവര്‍ പ്ലേയില്‍ 2 വിക്കറ്റിന് 27 റണ്‍സ് മാത്രമേ നെതര്‍ലന്‍ഡ്‌സിന് നേടാനായുള്ളൂ.
കോളിന്‍ അക്കര്‍മാന്‍ (17), ടോം കൂപ്പര്‍ (9) എന്നിവരെ അശ്വിന്‍ ഒരു ഓവറില്‍ വീഴ്ത്തി. അക്കര്‍മാനെ അക്‌സറും കൂപ്പറിനെ ഹൂഡയും പിടികൂടുകയായിരുന്നു. ഒരു ബൗണ്ടറിയും സിക്‌സറുമായി സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ച ടിം പ്രിംഗിളിനെ (20) ഷമിയുടെ പന്തില്‍ കോലി പിടികൂടി. സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (5) ഭുവിയുടെ പന്തില്‍ ഹൂഡ പിടിച്ച് പുറത്തായി. ലോഗന്‍ വാന്‍ ബീക്കിനെ (3) കാര്‍ത്തികിന്റെ കൈകളിലെത്തിച്ച അര്‍ഷ്ദീപ് സിംഗ് ഫ്രെഡ് ക്ലാസനെ (0) വിക്കറ്റിനു മുന്നില്‍ കുരുക്കി. ഷാരിസ് അഹ്‌മദ് (16), പോള്‍ വാന്‍ മീക്കരന്‍ (14) എന്നിവര്‍ നോട്ടൗട്ടാണ്.