പാന്‍ക്രിയാറ്റിക് കാന്‍സര്‍ : തിരിച്ചറിയാം…

0

വയറിന് പിന്നില്‍ കരളിനും ചെറുകുടലിനും പ്ലീഹയ്ക്കുമെല്ലാം അടുത്തായി കാണപ്പെടുന്ന ആറ് മുതല്‍ 10 ഇഞ്ച് വരെ നീളത്തിലുള്ള അവയവമാണ് പാന്‍ക്രിയാസ്. ദഹനത്തെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് രസത്തിന്റെ ഉത്പാദനമാണ് പാന്‍ക്രിയാസിന്റെ പ്രധാന ജോലി. ഇതിന് പുറമേ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളും പാന്‍ക്രിയാസ് പുറത്ത് വിടുന്നു. പാന്‍ക്രിയാസിനുള്ളില്‍ ഉണ്ടാകുന്ന അര്‍ബുദം പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാറില്ലെന്നും ഇവ നിശ്ശബ്ദം പടരാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 1990നും 2017നും ഇടയില്‍ പാന്‍ക്രിയാസ് അര്‍ബുദ കേസുകള്‍ 2.3 മടങ്ങ് വര്‍ധിച്ചതായാണ് കണക്കുകള്‍. വയറിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ പലരും പാന്‍ക്രിയാസിനുള്ളിലെ അര്‍ബുദത്തെ കുറിച്ച് അറിയാതെ പോകാനിടയുണ്ട്. വയറു വേദന, പുറംവേദന, വിശപ്പില്ലായ്മ, ഭാരനഷ്ടം, മലത്തില്‍ ചില വ്യത്യാസങ്ങള്‍, മനംമറിച്ചില്‍, ദഹനക്കേട് എന്നിവയെല്ലാം പാന്‍ക്രിയാസ് അര്‍ബുദവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാകാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. അമിതവണ്ണം, പ്രായം, മദ്യപാനം തുടങ്ങിയവ പാന്‍ക്രിയാസ് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ശസ്ത്രക്രിയയിലൂടെ അര്‍ബുദകോശങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പലരും അവസാന ഘട്ടങ്ങളിലൊക്കെയാണ് രോഗനിര്‍ണയം നടത്താറുള്ളത്. അപ്പോഴേക്കും അര്‍ബുദം പാന്‍ക്രിയാസിന് ചുറ്റുമുള്ള കോശസംയുക്തങ്ങളിലേക്ക് കൂടി പടര്‍ന്നിട്ടുണ്ടാകും. കൊളാന്‍ജിയോസ്‌കോപ്പി, എന്‍ഡോസ്‌കോപ്പിക് അള്‍ട്രാ സൗണ്ട് പോലുള്ള മാര്‍ഗങ്ങളിലൂടെ പാന്‍ക്രിയാസ് അര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അര്‍ബുദരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഗുരുതരമായ കാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അത് തിരിച്ചറിയുക സങ്കീര്‍ണമാണെന്നു മാത്രമല്ല ഏറ്റവും വേദന നിറഞ്ഞ ഒന്നുകൂടി ആണിത്. പാന്‍ക്രിയാസിനു ചുറ്റും അനിയന്ത്രിതമായി കാന്‍സര്‍ കോശങ്ങള്‍ പെരുകുകയും ഒരു ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. 50 ശതമാനം രോഗികളിലും വേദനയാണ് രോഗത്തിന്റെ ആദ്യലക്ഷണം. ഇതു കൂടാതെ രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്.

അടിവയറ്റില്‍ വേദന

അടിവയറ്റില്‍ ഉണ്ടാകുന്ന വേദനയ്ക്ക് സാധാരണയായി കാന്‍സര്‍ സാധ്യതയുമായി ബന്ധമുണ്ടാവില്ല. എന്നാല്‍ ഏറ്റവും അപകടകരമായ കാന്‍സറിന്റെ ആദ്യ സൂചനയാകാം ഈ വേദന. അടിവയറ്റില്‍ ഒരു അസ്വസ്ഥത തോന്നുകയും വേദന പുറത്തേക്കു വ്യാപിക്കുകയും ചെയ്താല്‍ അത് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

നടുവേദന

പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണിത്. കാന്‍സര്‍ സമീപത്തുള്ള ഞരമ്പുകളിലേക്ക് വ്യാപിക്കുമ്പോഴാണ് നടുവേദന വരുന്നത്.
ഓക്കാനം, ഛര്‍ദി

ഭക്ഷണം കഴിച്ചയുടന്‍ ഓക്കാനവും ഛര്‍ദിയും അനുഭവപ്പെടുന്നത് ശരീരത്തില്‍ ട്യൂമര്‍ വളരുന്നതിന്റെ ആദ്യലക്ഷണമാണ്. പെട്ടെന്ന് ശരീരഭാരം കുറയുക. വിശപ്പില്ലായ്മ, ദഹനക്കേട് ഇവയെല്ലാം വരാം.

പ്രമേഹം

അന്‍പതു വയസ്സിനു ശേഷമുള്ള പ്രമേഹവും പാന്‍ക്രിയാറ്റിക് കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം പെട്ടെന്നു കുറഞ്ഞാല്‍ വൈദ്യപരിശോധന നടത്തണം. പ്രമേഹമുള്ള എല്ലാവര്‍ക്കും പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാനുള്ള സാധ്യത ഇല്ല.

മഞ്ഞപ്പിത്തം, ചര്‍മത്തിലെ ചൊറിച്ചില്‍

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മം, ഒപ്പം മഞ്ഞപ്പിത്തവും പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കൂട്ടുന്നു. ദഹനക്കേട് ചര്‍മത്തിന് മഞ്ഞനിറം, കണ്ണുകളില്‍ വെളുപ്പ് ഇവയും കാണാം.

 

Leave A Reply

Your email address will not be published.

error: Content is protected !!