കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം
കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന 12 മണിക്കൂര്‍ ഡ്യൂട്ടി പരിഷ്‌ക്കരണത്തിനെതിരെയും ശമ്പളവിതരണവുമായി ബന്ധപ്പെട്ടും റ്റിഡിഎഫ് സുല്‍ത്താന്‍ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കെഎസ്ആര്‍ടിസി ഒരുവിഭാഗം തൊഴിലാളികള്‍ ഒക്ടോബര്‍ 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന്റെ മുന്നോടിയായാണ് റ്റിഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും,ധര്‍ണ്ണയും നടത്തിയത്.പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ കരാര്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക, മെക്കാനിക്കല്‍ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക, തടഞ്ഞുവെച്ച ഓണാനുകൂല്യങ്ങള്‍ നല്‍കുക, മുടക്കമില്ലാതെ ശമ്പളം വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒക്ടോബര്‍ ഒന്നുമുതല്‍ ഒരു വിഭാഗം തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. ഇതിന്റെ മുന്നോടിയായി ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ ഡിപ്പോ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയുടെയും ഭാഗമായാണ് സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലേക്കും റ്റിഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരന്ന് ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഐഎന്‍ടിയുസി ജില്ലാപ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാപ്രസിഡണ്ട് ഒ എ സിദ്ദീഖ് അധ്യക്ഷനായി. ഉമ്മര്‍കുണ്ടാട്ടില്‍, സി എ ഗോപി, കെ ജി ബാബു, ഹാജാസലിം, റ്റി ബി ഷിജു,ബാബുരാജ് കടവത്ത് എന്നിവര്‍ സംസാരിച്ചു.