ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 310 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 25250 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. തദ്ദേശ സ്ഥാപന പരിധിയില്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തതിന് പുറമെ പിഴ ചുമത്തല്‍ നോട്ടീസുകളും വിതരണം ചെയ്തു. 5274 സ്ഥാപനങ്ങളിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തിയത്.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിതരണം, കടത്തി ക്കൊണ്ടുപോകല്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തത്.പ്രാഥമിക പരിശോധനയില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും നാളുകളില്‍ തുടര്‍ പരിശോധന തുടരും. നിയമ ലംഘകര്‍ക്കെതിരെ പിഴ ചുമത്തും. നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും കച്ചവടക്കാരുടെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെയും യോഗം ചേരുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, കപ്പുകള്‍, സ്‌ട്രോകള്‍, സ്പൂണുകള്‍, ഷീറ്റുകള്‍, കൊടി തോരണങ്ങള്‍, ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകള്‍, പി.വി.സി ഫ്‌ലക്‌സുകള്‍, അര ലിറ്ററില്‍ താഴെയുള്ള വെള്ളക്കുപ്പികള്‍, തെര്‍മോക്കോള്‍ പ്ലേറ്റുകള്‍, പേപ്പര്‍ കപ്പുകള്‍, നോണ്‍വൂമര്‍ പോളി പ്രൊപ്പലിന്‍ ക്യാരി ബാഗുകള്‍ തുടങ്ങിയവയാണ് നിരോധന പരിധിയില്‍ വരുന്നത്. ഇവയുടെ വില്‍പ്പന, സൂക്ഷിപ്പ്, എന്നിവയ്‌ക്കെല്ലാം നിരോധനം ബാധകമാണ്. 120 മൈക്രോണിനു താഴെയുള്ള ക്യാരി ബാഗുകളുടെ നിരോധനത്തിനു തുടര്‍ച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും ജൂലൈ 1 മുതല്‍ നിരോധിച്ചത്.