കെഎസ്ആര്‍ടിസി പ്രതിസന്ധി: പരിഹാര പാക്കേജിന് മുഖ്യമന്ത്രിയുടെ അനുമതി
കെഎസ്ആര്‍ടിസി പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ഗതാഗതവകുപ്പ് മുന്നോട്ടുവച്ച പാക്കേജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി. മന്ത്രിമാരായ ആന്റണി രാജു, വി.ശിവന്‍കുട്ടി, കെ.എന്‍.ബാലഗോപാല്‍ എന്നിവരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രി അനുമതി നല്‍കിയ നിര്‍ദേശങ്ങള്‍ ട്രേഡ് യൂണിയനുകളുമായി മന്ത്രിമാര്‍ 17 ന് ചര്‍ച്ച ചെയ്യും.സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതോടൊപ്പം, ഡ്യൂട്ടി പ്രൊട്ടക്ഷനില്‍ നില്‍ക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെ എണ്ണം കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ആവശ്യം. നിലവില്‍ എല്ലാ ഡിപ്പോയിലും ഉള്‍പ്പെടെ ഡ്യൂട്ടി പ്രൊട്ടക്ഷനില്‍ 329 പേരുണ്ട്. ഇതു സംസ്ഥാനതലത്തില്‍ മാത്രമായി ചുരുക്കാനാണു നിര്‍ദേശം.250 കോടി രൂപയുടെ ഒറ്റത്തവണ സഹായം, ഇപ്പോള്‍ മാസം തോറും നല്‍കുന്ന 50 കോടി രൂപയുടെ സഹായം 6 മാസം കൂടി തുടരുക എന്നീ ആവശ്യങ്ങളും ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്കു മുന്നില്‍ വച്ചു. സിംഗിള്‍ ഡ്യൂട്ടി കൂടി വരുമ്പോള്‍ 800 ബസുകള്‍ ദിവസവും അധികം സര്‍വീസ് നടത്താം. ഇതുവഴി മാസ വരുമാനം 25 കോടിയാകും. ഇതില്‍ ചെലവു കഴിഞ്ഞാല്‍ 8 കോടിയെങ്കിലും മിച്ചമുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്ക്.
അതേസമയം, ഡീസല്‍ പ്രതിസന്ധി മൂലം ഇന്നും സര്‍വീസുകള്‍ മുടങ്ങും. ഇന്നലെ വരുമാനത്തില്‍ നിന്ന് 1 കോടി രൂപ എണ്ണക്കമ്പനികള്‍ക്കു നല്‍കിയതിനാല്‍ കുറച്ചു സര്‍വീസുകള്‍ക്ക് ഇന്ധനം ലഭിക്കും.