കാലിവളം ഉണക്ക് യന്ത്രവുമായി നൂല്‍പ്പുഴ പഞ്ചായത്ത്

0

 

ക്ഷീര കര്‍ഷകര്‍ക്ക് സഹായകയമായി കാലിവളം ഉണക്ക് യന്ത്രവുമായി നൂല്‍പ്പുഴ പഞ്ചായത്ത്. 34 ലക്ഷം രൂപമുടക്കിയാണ് പഞ്ചായത്ത് യന്ത്രം വാങ്ങിയിരിക്കുന്നത്. പഞ്ചായത്തിലെ ക്ഷീരമേഖല വികസന സംഘത്തിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ആവശ്യമുള്ള കര്‍ഷകര്‍ക്ക് വീടുകളിലെത്തി സംഘം ചാണകം ഉണക്കി നല്‍കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്.സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍പേഴ്സണനും വെറ്ററിനറി ഡോക്ടര്‍ കണ്‍വീനറായുള്ള മോണിറ്ററിംഗ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. നായ്ക്കട്ടി നിരപ്പത്ത് യന്ത്രത്തിന്റെ താക്കോല്‍ കൈമാറ്റം പഞ്ചായത്ത് പ്രസിഡണ്ട് ഷീജാസതീഷും,യന്ത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാറും നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ക്ഷീരവികസന വകുപ്പ് ജീവനക്കാര്‍ അടക്കം നിരവധിപേര്‍ സംബന്ധിച്ചു.

നൂല്‍പ്പുഴ പഞ്ചായത്തിലെ ക്ഷീരകര്‍ഷര്‍ക്ക് മഴക്കാലത്ത് അടക്കം ഇനിമുതല്‍ ചാണകം ഉണക്കാന്‍ ബുദ്ധിമുട്ടണ്ട. ഇതിനുപരിഹാരമായാണ് ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുക എന്ന ലക്ഷ്യത്തോടെ നൂല്‍പ്പുഴ പഞ്ചായത്ത് കാലിവളംഉണക്ക് യന്ത്രം വാങ്ങിയിരിക്കുന്നത്. 2021-22 പ്ലാന്‍ഫണ്ടില്‍ നിന്നും 34ലക്ഷം രൂപ ചെലവഴിച്ചാണ് യന്ത്രം വാങ്ങിയിരിക്കുന്നത്. തുടര്‍ന്ന് യന്ത്രത്തിന്റെ നടത്തിപ്പുചുമതല പഞ്ചായത്തിലെ ക്ഷീരമേഖല വികസന സംഘത്തിന് നല്‍കുകയും ചെയ്തു. യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന്നായി പരിശീലനം സിദ്ധിച്ച അഞ്ച് പേരെ സംഘം നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ഇത്തിരത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇറ്റലിയില്‍ നിന്നുമാണ് യന്ത്രം എത്തിച്ചത്. പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ബുക്ക് ചെയ്താല്‍ ക്ഷീരമേഖല വികസനസംഘം പ്രവര്‍ത്തകര്‍ യന്ത്രം എത്തിച്ച് ചാണകം നേരിട്ട് കുഴിയില്‍ നിന്നും മോട്ടോറിന്റെ സഹായത്തോടെ യന്ത്രത്തിലേക്ക് പമ്പ് ചെയ്ത് ഉണക്കി നല്‍കുകയാണ് ചെയ്യുക. 1500 കിലോവരെ ചാണകം ഉണക്കുന്നതിന് കര്‍ഷകന്‍ 3500 രൂപ സംഘത്തിന് നല്‍കണം. തുടര്‍ന്ന് മുവ്വായിരം കിലോ വരെ ഓരോകിലോ ചാണകത്തിനും രണ്ട് രൂപവീതവും, അയ്യായിരം കിലോവരെ ഒരു രൂപ എഴുപത്തഞ്ചുപൈസയും, തുടര്‍ന്ന് വരുന്ന ഓരോ കിലോയ്ക്കും ഒരു രൂപ മുപ്പത് പൈസവീതവും ക്ഷീരകര്‍ഷകന്‍ നല്‍കണം. ഉണക്കിയെടുക്കുന്ന ചാണകം കര്‍ഷകന്റെ ആവശ്യംകഴിഞ്ഞുള്ളത് സംഘത്തിന് തന്നെ സംഭരിച്ച് വില്‍പ്പന നടത്തും. യന്ത്രത്തിന്റെ വാടക ഇനത്തില്‍ മാസംതോറും സംഘം പതിനായിരത്തി നാനൂറ് രൂപ പഞ്ചായത്തിന് നല്‍കണം.

Leave A Reply

Your email address will not be published.

error: Content is protected !!