ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ സംഘടനകള്‍ കളക്ട്രേറ്റ് മാര്‍ച്ചും സെക്രട്ടറിയേറ്റ് ഉപരോധവും നടത്തും. കല്‍പ്പറ്റയില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. വ്യാപാരിവ്യവസായി ഏകോപന സമിതിയും വയനാട് ചേംബര്‍ ഒഫ് കൊമേഴ്‌സും ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷനും നേതൃത്വം കൊടുക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങുന്നത്. ഈ മാസം 27 നു കല്‍പ്പറ്റ കളകട്രറ്റിന് മുന്നില്‍ നടക്കുന്ന മാര്‍ച്ചില്‍ അയ്യായിരത്തോളം പേരെ പങ്കെടുപ്പിക്കും. അടുത്ത മാസം ആദ്യം തിരുവന്തപുരത്ത് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിലും അയ്യായിരം പേരെ വീതം പങ്കെടുപ്പിക്കും.
വരും മാസങ്ങളില്‍ തുടര്‍ സമരങ്ങള്‍ നടത്താനാണ് സംഘടനകളുടെ യോഗം തീരുമാനിച്ചത്. പത്തോളം സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. വയനാടിന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിവുള്ള സംഘടനകളാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ ഒറ്റ കുടകീഴില്‍ വന്നിട്ടുള്ളത്. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്ക് അനുകൂല സമീപനം കൈക്കൊള്ളുന്ന തരത്തില്‍ നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. കേന്ദ്ര സര്‍ക്കാരിലും സുപ്രീകോടതിയിലും മലയോര ജനതക്ക് അനുകൂല സമീപനം കൈക്കൊള്ളണം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുമെന്ന് സംഘടനകള്‍ ഇതിനോടകം വ്യക്തമാക്കി.