ശിവകൃഷ്ണന്റെ മനോധൈര്യത്തിന് ദേശീയ അംഗീകാരം

0

മരണകയത്തില്‍ നിന്ന് ഒരു ജീവനെ രക്ഷിച്ച ശിവകൃഷ്ണന് ലഭിച്ചത് മനോധൈര്യത്തിനുള്ള അംഗീകാരം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ 2021 ലെ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡാണ് തലപ്പുഴ കരുണാലയത്തില്‍ പരേതനായ പ്രേംകുമാറിന്റെയും ലതയുടെയും മകന്‍ കെ.എന്‍. ശിവകൃഷ്ണന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ന് പുഴയില്‍ മുങ്ങി താഴ്ന്ന സഹപാഠിയായ ജിത്തുവിനെ അതിസാഹസികമായി രക്ഷിച്ചതിനാണ് അവാര്‍ഡ്

 

എസ്.എസ്.എല്‍.സി പരീക്ഷയെഴുതാനായി തലപ്പുഴ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനാനിറങ്ങിയപ്പോഴാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്.12 കുട്ടികളാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരാണ് കാല്‍വഴുതി കയത്തില്‍പ്പെട്ടത്. പുഴയിലെ കയത്തില്‍ കണ്‍മുന്നില്‍ സഹപാഠികള്‍ മുങ്ങി താഴ്ന്നപ്പോള്‍ ശിവകൃഷ്ണന്‍ മറ്റൊന്നും ആലോചിക്കാതെ ഇവരെ രക്ഷിക്കാന്‍ പുഴയില്‍ എടുത്ത് ചാടി. മുങ്ങി താഴ്ന്നു കൊണ്ടിരുന്ന സഹപാഠിയായ ജിത്തുവിന്റെ മുടിയില്‍ പിടുത്തം കിട്ടിയതോടെ ശിവകൃഷ്ണന്‍ ഇവനെയും കൊണ്ട് കരപ്പറ്റി. മറ്റ് രണ്ട് പേരെ കൂടീ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴെക്കും ഇവര്‍ കാണാകയത്തിലേക്ക് മറഞ്ഞിരുന്നു. മുബസിലും ആനന്ദുമാണ് അന്ന് മരിച്ചത്. അപകടം നടന്ന സ്ഥലത്തിനടുത്താണ് ശിവകൃഷ്ണന്റെ വീട്. പുഴയില്‍ നന്നായി നീന്താനറിയുന്നതും ഈ സ്ഥലം സുപരിചതവുമായതും തുണയായി മാറിയിരുന്നു. ശിവകൃഷണന്‍ നിലവില്‍ തലപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുകയാണ്. സഹോദരന്‍ ലാല്‍ കൃഷ്ണ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്നു. പിതാവ് പ്രേംകുമാര്‍ പതിനൊന്ന് വര്‍ഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചു. സഹപാഠിയുടെ ജീവന്‍ രക്ഷിച്ച് നാടിന് അഭിമാനമായ ശിവ കൃഷ്ണനുള്ള ഈ അംഗീകാരം നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥി
കള്‍ക്കും ഏറെ സന്തോഷം നല്‍കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!