വയോജനങ്ങളുടെ പരാതികൾ കാലതാമസം വരാതെ പരിഹരിക്കാൻ കൂടുതൽ അദാലത്തുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനും രൂപീകരിച്ച മെയിന്റനൻസ് ട്രിബ്യൂണലുകളുടെ പ്രവർത്തനാവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മെയിന്റനൻസ് ട്രിബ്യൂണലുകളിലും അനുരഞ്ജന പാനലുകൾ ഉറപ്പാക്കും. വയോജനക്ഷേമ മേഖലയിൽ പ്രവർത്തിക്കുന്നവരെയും വയോജന കൗൺസിൽ അംഗങ്ങളെയും പാനലുകളിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും. വയോജനസംരക്ഷണ നിയമത്തെക്കുറിച്ച് വിദ്യാർത്ഥികളിലും യുവജനങ്ങളിലുമടക്കം അവബോധമുണർത്താൻ ബോധവത്കരണ പരിപാടികൾ ആരംഭിക്കും – യോഗതീരുമാനങ്ങൾ അറിയിച്ചുകൊണ്ട് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
27 ട്രിബ്യൂണലുകളാണ് രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമ-സംരക്ഷണ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രൂപീകരിച്ചിട്ടുള്ളത്. ഓരോ ട്രിബ്യൂണലിലും നിലവിലുള്ള പരാതികളുടെ കണക്കെടുത്തിട്ടുണ്ട്. പരാതികൾ തീർപ്പാവാതെ കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രിസൈഡിങ് ഓഫീസർമാർക്ക് യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.
വയോജനസംരക്ഷണ പ്രവർത്തനങ്ങളിലെ മികച്ച മാതൃകയ്ക്ക് കേന്ദ്രസർക്കാരിന്റെ വയോശ്രേഷ്ഠ പുരസ്കാരം ലഭിച്ച കേരളം ഈ മേഖലയിൽ കൂടുതൽ മാതൃകാപരമായ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വയോജന പരാതികളിൽ തീർപ്പുകല്പിക്കുന്നതിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെച്ചതിന് തൃശൂർ മെയിന്റനൻസ് ട്രിബ്യൂണലിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.