കടച്ചിക്കുന്ന് ഭൂസംരക്ഷണ സമിതി നാളെ മുതല്‍ ഉപരോധ സമരത്തിലേക്ക്

0

കടച്ചിക്കുന്ന് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ മൂപ്പൈനാട് വില്ലേജ് ഓഫീസില്‍ അനിശ്ചിതകാല ഉപരോധസമരം തുടങ്ങുമെന്ന് സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മൂപ്പൈനാട് പഞ്ചായത്തിലെ ഒമ്പത്, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് ജോലി,ലൈഫ് മിഷന്‍ പദ്ധതി,കൈവശഭൂമി രേഖ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ക്കെതിരെയാണ് ഉപരോധസമരം.

മൂപ്പൈനാട് പഞ്ചായത്തിലെ 9, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കടച്ചിക്കുന്ന്, പുതിയപാടി, വേടന്‍കോളനി പ്രദേശത്തെ ആറ് പതിറ്റാണ്ടായി കൈവശം വെച്ച് വരുന്ന കുടിയേറ്റ കര്‍ഷകരുടെ കൈവശ ഭൂമിക്ക് രേഖ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈ ആവശ്യമുന്നയിച്ച് 2009ല്‍ ഒമ്പത് ദിവസം നീണ്ടു നിന്ന വില്ലേജ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചിരുന്നു. പ്രദേശത്തെ 300 ഏക്കര്‍ ഭൂമിയിലായി താമസിക്കുന്ന 401 കുടുംബങ്ങളാണ് ഈ ദുരിതമനുഭവിക്കുന്നതെന്നും, ലൈഫ് ഭവന പദ്ധതിക്കായി കൈവശ രേഖ അനുവദിക്കുന്നതില്‍ തടസമില്ലെങ്കിലും ഇതിനെതിരെ നില്‍ക്കുന്ന വനംവകുപ്പിന്റെ നിലപാടില്‍ കൂട്ട് നില്‍ക്കുന്ന അധികൃതരുടെ മനോഭാവം അവസാനിപ്പിക്കണമെന്നും ഇവര്‍ പറഞ്ഞു. പ്രദേശത്തെ കുടുംബങ്ങളുടെ ഏക ഉപജീവനമാര്‍ഗമായ തൊഴിലുറപ്പ് ജോലി എടുക്കാനോ ലൈഫ് ഭവന പദ്ധതിക്കായുള്ള മണ്ണ് ജെ സി ബി ഉപയോഗിച്ച് നീക്കാനോ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നും, പ്രദേശത്തെ റോഡ് ടാറിംഗ് നടത്താനോ കോണ്‍ക്രീറ്റ് ചെയ്യാനോ അനുവാദമില്ലെന്നും ഇവര്‍ പറഞ്ഞു. ജനങ്ങള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടും വരെ ഉപരോധം തുടരുമെന്ന് ചെയര്‍മാന്‍ ബിനോയ് ജോസ്, കണ്‍വീനര്‍ കെ ശിവദാസന്‍ ട്രഷറര്‍ കെ പി ഹമീദ്, വി എ ശശീന്ദ്രന്‍, വി കെ സാലിം, പി സി ഹരിദാസന്‍ എന്നിവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!