കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍; ചര്‍ച്ചയില്ലാതെ പാസാക്കി

0

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്. മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ആണ് തോമര്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് ബില്‍ പാസാക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സഭ രണ്ടു മണി വരെ നിര്‍ത്തി.

ബില്ലില്‍ ചര്‍ച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച വേണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. രാവിലെ പ്രതിപക്ഷ ബഹളത്തോടെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായത്. കര്‍ഷക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് ലോക്സഭ പന്ത്രണ്ടു മണി വരെ നിര്‍ത്തിവച്ചു. തുടര്‍ന്നു സഭ ചേര്‍ന്നപ്പോഴാണ് ബില്‍ അവതരിപ്പിച്ചത്.

സഭ ചേര്‍ന്നയുടന്‍ കര്‍ഷക പ്രശ്നം ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കര്‍ഷകര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ആവര്‍ത്തിച്ച് പറഞ്ഞിട്ടും മുദ്രാവാക്യം വിളി നിര്‍ത്താതായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!