ബ്ലാക്ക് ഫംഗസ് പ്രമേഹരോഗികളില്‍ കൂടുതല്‍: പുതിയ പഠനം ഇങ്ങനെ…

0

മ്യുക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് എന്ന രോഗത്തെ കുറിച്ചുള്ള ബൃഹത്തായ ഒരു പഠനം Elsevier മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. രാജ്യത്തു നിന്നും 18 ആശുപത്രികള്‍ പങ്കെടുത്ത ഈ പഠനത്തില്‍ കേരളവുമുണ്ട്. കേരളത്തില്‍ നിന്നും ഡോ. ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണന്‍ (ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍), ഡോ.ജോണ്‍ പണിക്കര്‍ (സ്വാന്ത്വന ഹോസ്പിറ്റല്‍), മുഹമ്മദ് റഷീദ് (കിംസ് ഹോസ്പിറ്റല്‍) എന്നീ ഡോക്ടര്‍മാരാണ് ബൃഹത്തായ ഈ പഠനത്തില്‍ പങ്കെടുത്തത്.

മ്യുക്കര്‍മൈക്കോസിസ് ബാധിച്ച കൊവിഡ് 19 രോഗികളില്‍ 71.3 ശതമാനം പേര്‍ക്ക് കൊവിഡ് വരുന്നതിനു മുന്‍പേ പ്രമേഹമുണ്ടായിരുന്നു. 13.9 ശതമാനം പേര്‍ക്ക് കൊവിഡ് വന്നതിനു ശേഷമാണ് രക്തത്തിലെ പഞ്ചസാര ഉയര്‍ന്നു തുടങ്ങിയത്. ഇതില്‍ 100 ശതമാനം പേരും കൊവിഡ് ചികിത്സക്കായി സ്റ്റിറോയ്ഡ് സ്വീകരിച്ചവരുമായിരുന്നു. സിറ്റി സ്‌കാനില്‍ കൊവിഡ് ന്യുമോണിയയുടെതായുള്ള സൂചനകള്‍ ബഹുഭൂരിപക്ഷം രോഗികളിലും കണ്ടിരുന്നു. മുന്‍പ് നടന്ന പഠനങ്ങളില്‍ നിന്നും വ്യത്യസ്തമായി 27.7 ശതമാനം ആയിരുന്നു ബ്ലാക്ക് ഫംഗസ് രോഗികളില്‍ മരണ നിരക്ക്.

18 ആശുപത്രികളില്‍ നിന്നും നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത് തീവ്രമായി രക്തത്തിലെ പഞ്ചസാര ചികിത്സിക്കുവാന്‍ കഴിഞ്ഞാല്‍ മ്യുക്കര്‍മൈക്കോസിസ് തടയുക മാത്രമല്ല മ്യുക്കര്‍മൈക്കോസിസ് മൂലമുള്ള മരണങ്ങളും തടയുവാന്‍ കഴിയുന്നതാണ്. കൊവിഡ് ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കേരളത്തില്‍ മ്യുക്കര്‍മൈക്കോസിസ് ബാധിച്ച് ചികിത്സ സ്വീകരിക്കുന്ന രോഗികള്‍ ഇപ്പോഴുമുണ്ട്. അക്കാരണത്താല്‍ തന്നെ ഈ പഠനം സൂചിപ്പിക്കുന്ന അതി തീവ്രമായ രക്തത്തിലെ പഞ്ചസാരയുടെ ചികിത്സ തുടര്‍ന്നും സ്വീകരിക്കേണ്ടതാണ്.

പ്രമേഹ രോഗികള്‍ കൊവിഡ് വന്ന് പോയിട്ടുണ്ട് എങ്കിലും കൊവിഡ് വന്നിട്ടില്ലായെങ്കിലും രണ്ട് വാക്സിന്‍ എടുത്തവരാണെങ്കില്‍ കൂടിയും, രോഗചികിത്സയില്‍ സ്വയം രക്തപരിശോധന നടത്തുകയും അതിന്‍ പ്രകാരം ഔഷധത്തിന്റെ ഡോസും വ്യായാമ, ഭക്ഷണ രീതികളിലെ മാറ്റവും അനുവര്‍ത്തിക്കേണ്ടതാണ്. കൊവിഡ് കാലത്ത് എല്ലാ പ്രമേഹ രോഗികളും പ്രമേഹ ചികിത്സയില്‍ സ്വയം പര്യാപ്തത എന്ന ഒരു ഘട്ടത്തിലേക്ക് എത്തേണ്ടതും ഡോക്ടറോടൊപ്പം, ചികിത്സയില്‍ പങ്കാളികളാകേണ്ടതും ചികിത്സ വിജയിക്കേണ്ടതിന് അത്യന്താപേക്ഷിതമായ ഒരു വസ്തുതയാണെന്ന് പഠനം സൂചിപ്പിക്കുന്നു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!