ഇ-ശ്രം രജിസ്ട്രേഷന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

ഇ-ശ്രം രജിസ്ട്രേഷന്റെയും കാര്‍ഡ് വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. 100 ല്‍ പരം നിര്‍മ്മാണത്തൊഴിലാളികളുടെ ഇ-ശ്രം രജിസ്ട്രേഷനും, കാര്‍ഡ് വിതരണവും ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. അമ്പിലേരി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.ശ്രീജ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.കെ. വിനയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അസംഘടിത തൊഴിലാളികളെ ഗവണ്‍മെന്റിന്റെ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തുക, ക്ഷേമ പദ്ധതികള്‍ അവരിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേന്ദ്ര തൊഴില്‍മന്ത്രാലയം ഈ-ശ്രം പദ്ധതി ആരംഭിച്ചത്.

പദ്ധതിയിലൂടെ സംഘടിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ അസംഘടിത തൊഴിലാളികള്‍ക്കും, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ലഭ്യമാക്കാന്‍ സാധിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂലിത്തൊഴിലാളികള്‍, സംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും എന്നാല്‍ ഇ.എസ്.ഐ.സി/ ഇ.പി.എഫ്.ഒ അല്ലെങ്കില്‍ എന്‍.പി.എസ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടാത്തവരും ഗവണ്‍മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ അല്ലാത്തവരുമായ തൊഴിലാളികളാണ് അസംഘടിത തൊഴിലാളികള്‍. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് പി.എം.എസ്.ബി.വൈ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. അസംഘടിത തൊഴിലാളികള്‍ക്ക് ഭാവിയില്‍ ലഭ്യമായേക്കാവുന്ന ക്ഷേമപദ്ധതികള്‍ ഈ-ശ്രം രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക. 16 നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കുക. ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍, അപേക്ഷകരുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ രജിസ്ട്രേഷനായി ഹാജരാക്കണം. ആധാര്‍ ഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അപേക്ഷകര്‍ക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് സെന്റര്‍ (സി.എസ്.സി) എന്നിവ മുഖേന ബയോമെട്രിക് ഓതെന്‍ഡിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പന്ത്രണ്ട് അക്ക യു.എ.എന്‍ സമ്പര്‍ ലഭിക്കും. ഈ നമ്പര്‍ സ്ഥിരമാണ്. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 14434 എന്ന നമ്പരില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താലൂക്ക് അസി: ലേബര്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. .കല്‍പ്പറ്റ – 8547655684 , .ബത്തേരി – 8547655 690 , .മാനന്തവാടി – 8547655686

Leave A Reply

Your email address will not be published.

error: Content is protected !!