പഞ്ചായത്തുകള്‍ ഇനി രണ്ടുതരം

0

 

ഗ്രാമപ്പഞ്ചായത്തുകളെ നഗര ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രണ്ടായി തിരിച്ചു. കേരള പഞ്ചായത്ത് കെട്ടിട ചട്ടം അനുസരിച്ചാണു കാറ്റഗറി എയും ബിയുമായി തിരിച്ച് വിജ്ഞാപനമിറക്കിയത്. ആകെയുള്ള 941 പഞ്ചായത്തുകളില്‍ നഗരസ്വഭാവമുള്ള 398 പഞ്ചായത്തുകള്‍ എയിലും ബാക്കിയുള്ളവ ബിയിലും ഉള്‍പ്പെടും.കടുത്ത നിയന്ത്രണങ്ങളുള്ള സിആര്‍സെഡ് 3 ബാധകമായ 175 പഞ്ചായത്തുകള്‍ കാറ്റഗറി എയില്‍ ഉണ്ട്. ഇവയെ ഇളവുകളുള്ള സിആര്‍സെഡ് രണ്ടിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. വികസനാവശ്യത്തിനുള്ള ആസൂത്രണത്തിന് (സ്‌പെഷല്‍ പ്ലാനിങ്) വേണ്ടിയാണ് തരംതിരിവെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

 

2019 ലെ സിആര്‍സെഡ് വിജ്ഞാപനമനുസരിച്ചു തയാറാക്കുന്ന തീരപരിപാലന പദ്ധതിയില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ക്ക് ഇളവു ലഭിക്കുന്നതിനു വേണ്ടിയാണു തീരുമാനം. അതേസമയം, വിജ്ഞാപനത്തിനു നിയമസാധുതയുണ്ടോയെന്നു പരിശോധിക്കേണ്ടിവരും. സിആര്‍സെഡ് വിജ്ഞാപനപ്രകാരം, മുനിസിപ്പല്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളോ, നിയമപരമായി നഗരപ്രദേശങ്ങളായി നിര്‍ദേശിക്കപ്പെട്ട പ്രദേശങ്ങളോ മാത്രമേ സിആര്‍സെഡ് രണ്ടില്‍ വരികയുള്ളൂ.

സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഇവയെ ഗ്രാമപ്പഞ്ചായത്തുകളായി നിലനിര്‍ത്തിക്കൊണ്ടു കാറ്റഗറി തിരിക്കുക മാത്രമാണു ചെയ്തത്. നിയമതടസ്സം മറികടക്കാനായാല്‍ തീരദേശവാസികളായ ലക്ഷക്കണക്കിനു പേര്‍ക്കു വലിയ ഇളവുകളാണു ലഭിക്കുക.

സിആര്‍സെഡ് രണ്ടില്‍ കൂടുതല്‍ ഇളവ്

സിആര്‍സെഡ് 3 എയില്‍ വേലിയേറ്റ രേഖയില്‍നിന്നു കരയിലേക്ക് 50 മീറ്റര്‍ ദൂരം വിട്ടു നിയന്ത്രണങ്ങളോടെ നിര്‍മാണമോ, വികസന പ്രവര്‍ത്തനമോ നടത്താം. 3 ബിയില്‍ 200 മീറ്റര്‍ ദൂരം വിട്ടു മാത്രമേ പാടുള്ളൂ. എന്നാല്‍ സിആര്‍സെഡ് രണ്ടില്‍ ദൂരനിയന്ത്രണമില്ല. 1991നു മുന്‍പുള്ള കെട്ടിടത്തിന്റെയോ, റോഡിന്റെയോ കരഭാഗത്തു പുതിയ നിര്‍മാണം നടത്താം.

ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം കൂടുതല്‍ ഇളവുകളുണ്ട്. നിലവില്‍ 36 മുനിസിപ്പാലിറ്റികളാണു സിആര്‍സെഡ് രണ്ടിലുള്ളത്. സര്‍ക്കാര്‍ നടപടി ഫലം കണ്ടാല്‍ ഇതിലേക്കു പരമാവധി 175 പഞ്ചായത്തുകള്‍ കൂടി വരും. എല്ലാം ഉള്‍പ്പെടുമോ എന്നതു കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ മാപ്പിങ് പൂര്‍ത്തിയായെങ്കില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ഇതിനായി ജനസാന്ദ്രതാനിരക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍കൂടി സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.

നഗരസ്വഭാവമുള്ള ഗ്രാമപ്പഞ്ചായത്തുകള്‍

ജില്ല എണ്ണം

തിരുവനന്തപുരം – 31

കൊല്ലം – 19

പത്തനംതിട്ട – 3

ആലപ്പുഴ – 31

കോട്ടയം – 22

ഇടുക്കി 3

എറണാകുളം 43

തൃശൂര്‍ 69

പാലക്കാട് 19

മലപ്പുറം 40

കോഴിക്കോട് 52

വയനാട് 7

കണ്ണൂര്‍ 45

കാസര്‍കോട് 14

 

Leave A Reply

Your email address will not be published.

error: Content is protected !!