കാത്തിരിപ്പിന് വിരാമം ജില്ലയില്‍ സിനിമാ തിയറ്ററുകള്‍ തുറന്നു

0

ജെയിംസ്ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ,വെനം, എന്നീ ചിത്രങ്ങളോടെ ജില്ലയിലെ തിയ്യറ്റുകള്‍ ഉണരുന്നു.
നീണ്ട ഇടവേളക്ക് ശേഷമാണ് സിനിമാ തിയ്യറ്ററുകള്‍ തുറക്കുന്നത്.ഈ വര്‍ഷം ജനുവരിയിലാണ് ഇതിന് മുമ്പ് തിയ്യറ്ററുകള്‍ തുറന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് രണ്ടാംഘട്ട വ്യാപനമുണ്ടായതോടെ വീണ്ടും അടക്കുകയായിരുന്നു. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ തിയ്യറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. അതേസമയം, മലയാളം, തമിഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്താത്തത് പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. തിയ്യറ്റര്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നും, സര്‍ക്കാര്‍ ഇനിയും ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും പുല്‍പ്പള്ളി പെന്റാ മൂവീസ് ഉടമയും, തിയ്യറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ ഫിറോസ് സെബാസ്റ്റ്യന്‍ പറഞ്ഞു. തിയ്യറ്ററുകള്‍ തുറന്നാല്‍ പോലും നിലവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പ്രദര്‍ശനത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 18 വയസിന് താഴെയുള്ളവരെയും, ഒരു ഡോസ് വാക്സിന്‍ മാത്രം സ്വീകരിച്ചവരെയും പ്രവേശിപ്പിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം എട്ടിന് ഒക്ടോബറില്‍ അമേരിക്കല്‍ റിലീസ് ചെയ്ത രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളാണ് നിലവില്‍ കേരളത്തില്‍ എത്തിയിട്ടുള്ളത്. മരക്കാര്‍, മിന്നല്‍മുരളി പോലുള്ള ചിത്രങ്ങള്‍ ഒ ടി ടിയിലേക്ക് പോയതോടെ ഇനിയേത് മലയാളചിത്രമാണ് തിയ്യറ്റുകളിലെത്തുകയെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. തമിഴിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ഒ ടി ടി പ്ലാറ്റ്ഫോമിലാണ് തമിഴിലേയും ഭൂരിഭാഗം ചിത്രങ്ങളും റിലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. അധികം വൈകാതെ തമിഴ് ചിത്രങ്ങളെങ്കിലും കേരളത്തിലെ തിയ്യറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. തിയ്യറ്റര്‍ ഉടമകളെ സംബന്ധിച്ചിടത്തോളം ഓണം അടക്കമുള്ള നിരവധി സീസണുകളാണ് കഴിഞ്ഞ വര്‍ഷത്തെ പോലെ നഷ്ടമായത്. തിയ്യറ്റര്‍ തുറക്കുമ്പോഴും സര്‍ക്കാര്‍ കാര്യമായ ആനുകൂല്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ തന്നെയാണ് ഉടമകള്‍ക്കുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!