സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത ക്ലാസുകള്‍ തുടങ്ങും.

0

ജില്ലയില്‍ ആദിവാസി സാക്ഷരത ക്ലാസുകള്‍ നവംബര്‍ ആദ്യവാരം മുതല്‍ തുടങ്ങാന്‍ ഒരുക്കങ്ങളായി. ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പ്തലവന്‍മാരുടെയും യോഗം ഒക്ടോബര്‍ 20ന് വൈകീട്ട് 4ന് ഓണ്‍ലൈന്‍ ആയി ചേരും. അഡ്വ. ടി.സിദ്ധീഖ് എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, പ്രോജക്ട് കോ-ഓഡിനേറ്റര്‍ ഇ.വി.അനില്‍, ജില്ലാ സാക്ഷരത കോ ഓര്‍ഡിനേറ്റര്‍ സ്വയനാസര്‍, ജില്ലയിലെ മുനിസിപ്പല്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍,വകുപ്പ് തല അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാന സാക്ഷരതാ മിഷന്‍ നിര്‍ദ്ദേശമനുസരിച്ചും ജില്ലാ കളക്ടറുടെ അനുമതി പ്രകാരവുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. ജില്ലയിലെ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ക്ലാസുകള്‍ കോവിഡ് കാരണം മെയ് 6 മുതല്‍ നിര്‍ത്തിവെച്ചിരുന്നു. ഈ ക്ലാസുകള്‍ ജില്ലാകലക്ടറുടെ അനുമതി ലഭിച്ചതോടെ പുനരാരംഭിക്കാന്‍ നടപടിയായി. 26 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 24,472 നിരക്ഷരരായ ആദിവാസികളെയാണ് 2019 ല്‍ സര്‍വ്വെയിലൂടെ കണ്ടെത്തിയത്. 8923 പുരുഷന്മാരും 15,549 സ്ത്രീകളെയുമാണ് ജില്ലയിലെ 2443 ആദിവാസി കോളനികളില്‍ നടത്തിയ സര്‍വ്വെയിലൂടെ കണ്ടെത്തിയത്. അതത് ആദിവാസി കോളനി /ഊരില്‍ നിന്ന് 1223 ആദിവാസികളായ ഇന്‍സ്ട്രക്ടര്‍മാരെയും ഗ്രാമപഞ്ചായത്ത് കണ്ടെത്തി. 2021 ഫിബ്രവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 18, 872 പേരാണ് ക്ലാസിലെത്തിയത്. 927 ആദിവാസി ഇന്‍സ്ട്രക്ടര്‍മാരാണ് ഇവര്‍ക്ക് ക്ലാസ് നടത്തി വന്നിരുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒന്നാം ഘട്ടത്തില്‍ 2017-18 ല്‍ 300 ആദിവാസി ഊരുകള്‍ തിരഞ്ഞെടുത്ത് 5458 നിരക്ഷരരെ കണ്ടെത്തിയിരുന്നു. ഇതില്‍ 4865 ആദിവാസികള്‍ ക്ലാസിലെത്തുകയും പരീക്ഷയെഴുതുകയും ചെയ്തു. 4309 പേരാണ് വിജയിച്ചത്. ശേഷം 2018 – 19 രണ്ടാം ഘട്ടത്തില്‍ 200 ഊരുകളാണ് തിരഞ്ഞെടുത്ത്, 4324 നിരക്ഷരരെ കണ്ടെത്തി. 3487 പേര്‍ ക്ലാസിലെത്തുകയും 3179 പേര്‍ പരീക്ഷയെഴുതുകയും ചെയ്തു 2993 പേരാണ് വിജയിച്ചത്. ശേഷമാണ് സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പദ്ധതി ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!