നക്ഷത്രമായി നെയ്മർ; ബ്രസീൽ യുറഗ്വായെ മലര്‍ത്തിയടിച്ചു, അർജന്റീനയ്ക്കും ജയം
ബ്രസീൽ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പു തുടർന്ന് അർജന്റീന. നെയ്മാർ ഗോളടിച്ചും മറ്റു താരങ്ങളെക്കൊണ്ട് അടിപ്പിച്ചും തിളങ്ങിയ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകായണ് ബ്രസീൽ. പെനൽറ്റി പാഴാക്കിയ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന തോൽപ്പിച്ചത്. കരുത്തരായ യുറഗ്വായെ ഒന്നിനെതിരെ 4 ഗോളുകൾക്ക് ബ്രസീലും വീഴ്ത്തി.
മറ്റു മത്സരങ്ങളിൽ ബൊളീവിയ പാരഗ്വായേയും (4–0), ചിലെ വെനസ്വേലയെയും (3–0) തോൽപ്പിച്ചു. കൊളംബിയ – ഇക്വഡോർ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ബ്രസീലിന്‍റെ തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ റാഫീഞ്ഞയുടെ ഇരട്ടഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. 18, 58 മിനിറ്റുകളിലായിരുന്നു റാഫീഞ്ഞയുടെ ഗോളുകൾ. നെയ്മാർ (10), ഗബ്രിയേൽ ബാർബോസ (83) എന്നിവരും ബ്രസീലിനായി ലക്ഷ്യം കണ്ടു. ബ്രസീലിന്റെ ആദ്യ ഗോൾ നേടിയ നെയ്മാർ, രണ്ടു ഗോളുകൾക്ക് അസിസ്റ്റും നൽകി. ലൂയി സ്വാരസിന്റെ (77) വകയാണ് യുറഗ്വായുടെ ആശ്വാസഗോൾ.
അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പെറുവിനെതിരെ ആദ്യ പകുതിയിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയത്തുടർച്ച സമ്മാനിച്ചത്. 43–ാം മിനിറ്റിൽ മൊളീനയുടെ പാസിൽനിന്നാണ് മാർട്ടിനസ് ലക്ഷ്യം കണ്ടത്. എന്നാൽ 65–ാം മിനിറ്റിൽ പെറുവിന് ലഭിച്ച പെനൽറ്റി വിക്ടർ യോട്ടൂൺ നഷ്ടമാക്കിയത് അർജന്റീനയ്ക്ക് തുണയായി. അതേസമയം യുറഗ്വായ്‌ക്കെതിരായ വിജയത്തോടെ 11 കളികളിൽ നിന്നു 31 പോയിന്‍റുമായി ബ്രസീൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.