നവംബര്‍ ഒന്നിനു സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരേസമയം മൂന്നിലൊന്നു കുട്ടികളെ പ്രവേശിപ്പിച്ചാല്‍ മതിയെന്നു സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ ശുപാര്‍ശ. പ്രൈമറി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ അനുവദിക്കൂ; പരമാവധി 10 കുട്ടികളെയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പരമാവധി 20 കുട്ടികളെയുമാകും ഒരേസമയം അനുവദിക്കുക. വിദ്യാര്‍ഥികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ സാഹചര്യമനുസരിച്ചു മാറ്റങ്ങള്‍ വന്നേക്കാം.
പ്രൈമറി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ അനുവദിക്കൂ; ഉയര്‍ന്ന ക്ലാസുകളില്‍ 2 പേര്‍ വീതമാകാം. ആദ്യം എല്ലാ ക്ലാസും ഉച്ചവരെ മാത്രമേ ഉണ്ടാകൂ. കുട്ടികള്‍ തമ്മിലുള്ള ഇടപഴകല്‍ കുറയ്ക്കാന്‍ ഇന്റര്‍വെല്‍ പല സമയത്താക്കും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്നു തയാറാക്കുന്ന മാര്‍ഗരേഖ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഇന്നു പുറത്തിറക്കും.
ഓരോ സ്‌കൂളിലെയും സാഹചര്യവും യാത്രാസൗകര്യങ്ങളും വിലയിരുത്തി അന്തിമ തീരുമാനമെടുക്കാം. സ്‌കൂളുകളില്‍ ആരോഗ്യ മേല്‍നോട്ടസമിതി രൂപീകരിക്കും. ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യസുരക്ഷാ ബോധവല്‍ക്കരണം നല്‍കും. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ അധ്യാപകരെ പരിശീലിപ്പിക്കും.പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുമായ കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലുകള്‍ തുറക്കും. എല്ലാ ദിവസവും ശുചീകരണവും അണുനശീകരണവും ഉറപ്പാക്കണം. സ്‌കൂള്‍ തുറക്കുമ്പോഴേക്കും പ്രത്യേക അക്കാദമിക് മൊഡ്യൂള്‍ തയാറാക്കും.
മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലുള്ളവരുമായും ആരോഗ്യ, വിദ്യാഭ്യാസ വിദഗ്ധരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് മാര്‍ഗരേഖ തയാറാക്കിയത്.