അധ്യാപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ അതിവേഗം ലക്ഷ്യത്തിലേക്ക്.

0

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷന്‍ അതിവേഗം ലക്ഷ്യത്തിലേക്ക്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്‌സിനേഷന്‍ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ സ്‌കൂള്‍ ജീവനക്കാര്‍ നേരിട്ടെത്തിയാല്‍ തിരിച്ചറിയല്‍ കാര്‍ഡ് വെച്ചാണ് വാക്‌സിന്‍ നല്‍കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിലാകെ 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. അധ്യാപകരുടെ മാത്രം വാക്‌സിന്‍ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്. ഇനിയുമെടുക്കാത്തവരുടെ കണക്കും സര്‍ക്കാരെടുക്കുന്നുണ്ട്.

പകുതി കുട്ടികള്‍ സ്‌കൂളിലെത്തുന്ന തീരുമാനമെടുത്താലും ചുരുങ്ങിയത് വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 25 ലക്ഷം പേരാണ് ഒറ്റദിവസം എത്തുക. ലോകാരോഗ്യസംഘടന അടക്കം കുട്ടികള്‍ക്ക് വാക്‌സിന്‍ വേണ്ടെന്ന് പറയുമ്പോഴും രക്ഷിതാക്കളുടെ ആശങ്ക മാറിയിട്ടില്ല. എന്തായാലും വ്യാപനം സംബന്ധിച്ച് സംസ്ഥാനം എടുക്കാന്‍ പോകുന്ന ഏറ്റവും വലിയ റിസ്‌കായിരിക്കും സ്‌കൂള്‍ തുറക്കല്‍. കുട്ടികളില്‍ വാക്‌സിനേഷന്‍ എത്തിയില്ലെങ്കിലും സ്‌കൂള്‍ തുറക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ഒരുവിഭാഗം ആരോഗ്യവിദഗ്ദര്‍ പറയുമ്പോള്‍ സ്‌കൂളുകളില്‍ നിന്ന് വ്യാപനമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കാണണമെന്ന മുന്നറിയിപ്പും ശക്തമാണ്. ആദ്യ ആഴ്ചയിലെ സ്ഥിതി ഗതിനോക്കി ക്ലാസ് ക്രമീകരണത്തില്‍ വേണ്ട മാറ്റം വരുത്തും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ-ആരോഗ്യവകുപ്പ് തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!