ഗോത്രയുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവുമായി എകെഎസ്. ബത്തേരി വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസിനുമുന്നിലാണ് എകെഎസ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനൊടുവില്‍ പിടികൂടിയ വാഹനം വിട്ടുനല്‍കാന്‍ വനംവകുപ്പു തീരുമാനിച്ചു.ഓടക്കൊല്ലി കോളനിയിലെ സുബാഷ് എന്ന ഗോത്രയുവാവിന്റെ വാഹനത്തില്‍ ചന്ദനത്തടികള്‍ കണ്ടെത്തിയസംഭവത്തില്‍ യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്നാണ് പരാതി ഉയരുന്നത്. ഈ സാഹചര്യത്തില്‍ സുഭാഷിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടുമാണ് ഇന്ന് എകെഎസിന്റെ നേതൃത്വത്തില്‍ വയനാട് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ചന്ദനമുട്ടി കണ്ടെത്തിയ സുഭാഷിന്റെ വാഹനം വിട്ടുനല്‍കണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പ്രതിഷേധം ശക്തമായതോടെ സുഭാഷിന്റെ വാഹനം വിട്ടുനല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചു. വാഹനം വിട്ടുനല്‍കിയില്ലങ്കില്‍ അടുത്തയാഴ്ച മുതല്‍ എകെഎസിന്റെ നേതൃത്വത്തില്‍ വാര്‍ഡന്റെ ഓഫീസിനുമുന്നില്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. പ്രതിഷേധസമരം മുന്‍എംഎല്‍എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എകെഎസ് ഏരിയ സെക്രട്ടറി എ സി ശശീന്ദ്രന്‍ അധ്യക്ഷനായി. പി ആര്‍ ജയപ്രകാശ്, ശ്രീജന്‍, പി വാസുദേവന്‍, സി അനില്‍, കെ എം സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.