രാത്രി കര്‍ഫ്യൂ വേണ്ട; സ്‌കൂള്‍ തുറക്കാം; ഞായര്‍ ലോക്ഡൗണും വേണ്ടെന്ന് വിദഗ്ധര്‍

0

 

കേരളത്തില്‍ രാത്രി കര്‍ഫ്യുവും ഞായര്‍ ലോക്ഡൗണും ഒഴിവാക്കാമെന്നും കോവിഡ് നിര്‍ണയത്തിന് ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍ടിപിസിആര്‍ പരിശോധന മാത്രമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. സ്‌കൂളുകള്‍ തുറക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വിദേശത്തു നിന്നുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോവിഡിന്റെ ആദ്യ നാള്‍ മുതല്‍ കേരളം സ്വീകരിച്ചുവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നു ചര്‍ച്ചയില്‍ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു. ഐസിഎംആര്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ഏറ്റവും കുറച്ചു പേര്‍ക്കു രോഗം പകര്‍ന്ന സംസ്ഥാനമാണു കേരളമെന്നു പലരും ചൂണ്ടിക്കാട്ടി. മരണനിരക്ക് കുറച്ചുനിര്‍ത്തിയതും അഭിനന്ദനാര്‍ഹമാണ്. രോഗികളുടെ എണ്ണത്തിലെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ല. വ്യാപനം വൈകാതെ നിയന്ത്രിക്കാനാകും.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതു നല്ല സൂചനയാണ്. അതിനാല്‍ സാമ്പത്തിക, സാമൂഹിക മേഖലകള്‍ കൂടുതല്‍ സജീവമാക്കാനുള്ള ആലോചനകള്‍ അത്യാവശ്യമാണ്. കേരളത്തില്‍ കാര്യമായ കോവിഡ് പഠനങ്ങള്‍ നടക്കുന്നില്ലെന്നും വിമര്‍ശനമുണ്ടായി. രാജ്യത്ത് കോവിഡ് ഡേറ്റ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!