മഞ്ഞൂറയിലെ കെട്ടിട നിര്‍മാണം നിയമ വിരുദ്ധമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി
തരിയോട് പഞ്ചായത്തിലെ മഞ്ഞൂറയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പേരില്‍ പണിയുന്നത് നിയമ വിരുദ്ധ കെട്ടിടമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി.പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മൂലം പ്രകൃതി ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, പി.സി.സുരേഷ്, എം.കെ.ഷിബു, സുലോചന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പ്രകൃതി ദുരന്തങ്ങളുടെ പശ്ചാതലത്തില്‍ വയനാട്ടില്‍ മൂന്ന് നില കെട്ടിടം പണിയാന്‍ പാടുള്ള എന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം മറികടന്നാണ് തരിയോട് മഞ്ഞുറയില്‍ നാല് നില കെട്ടിടം പണിതുയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കാന്‍ പോലും പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും തയ്യാറാവുന്നില്ല. ഇപ്പോള്‍ ഏറ്റവും അടിയിലെ നില മണ്ണിട്ട് നികത്തി മൂന്ന് നിലകളായി കണക്കാക്കി അനുമതി നല്‍കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ഇത്തരം നീക്കങ്ങള്‍ മൈനിംഗ് & ജിയോളജി വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.