ടി.പി.ആറിന് പകരം ഇനി ഡബ്ലിയു.ഐ.പി.ആര്‍;

പുതിയ സംവിധാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

0

സംസ്ഥാനത്ത് ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നു. ഇനി ഡബ്ലിയു.ഐ.പി.ആര്‍ അഥവാ വാര്‍ഡ് തലത്തില്‍ അല്ലെങ്കില്‍ പഞ്ചായത്ത് തലത്തില്‍ (ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്) രോഗികളുടെ എണ്ണം കണക്കാക്കിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ആയിരം പേരില്‍ എത്ര രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങള്‍. വീക്കിലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേറ്റ് (ഡബ്ലിയു.ഐ.പി.ആര്‍) അടിസ്ഥാനത്തിലായിരിക്കും ഇനി നിയന്ത്രണങ്ങള്‍.

ഒരു പ്രദേശത്ത് ആയിരം പേരെടുത്താല്‍ അതില്‍ 10 പേര്‍ രോഗികളാണെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഒരാഴ്ചയില്‍ തുടര്‍ച്ചയായി 10 പേര്‍ രോഗികളായാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഒരു ദിവസം 10 പേര്‍ രോഗികളായാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. രോഗികളുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച് മൊത്തം ജനസംഖ്യകൊണ്ട് ഹരിച്ചാണ് ഡബ്ലിയു.ഐ.പി.ആര്‍ കണക്കാക്കുക.

ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഒരാള്‍ക്ക് ടെസ്റ്റ് നടത്തി അയാള്‍ പോസിറ്റീവായാല്‍ ടി.പി.ആര്‍ 100 ശതമാനമാവും. ഇത് അശാസ്ത്രീയമാണെന്നായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ടി.പി.ആര്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കടുത്ത നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ട വാക്സിനെടുത്ത് രണ്ടാഴ്ച പിന്നിട്ടവര്‍, 72 മണിക്കൂറിന് മുമ്പ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍, കോവിഡ് ഭേദമായി 30 ദിവസം കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് കടകളിലെത്താന്‍ അനുമതി. ബാങ്കുകള്‍, ജോലിസ്ഥലം, പൊതുസ്ഥലം എന്നിവിടങ്ങളിലെത്താനും ഈ നിബന്ധന ബാധകമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. തുറന്ന സ്ഥലങ്ങളിലും വാഹനങ്ങളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. പാര്‍ക്കിങ് ഏരിയയും ഭക്ഷണം കഴിക്കാന്‍ ഉപയോഗപ്പെടുത്താം. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തിയേറ്ററുകളും തുറക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!