പുല്‍പ്പള്ളി കൊളവള്ളി പാടത്തെ ആദിവാസികളടക്കമുള്ള കര്‍ഷകരുടെ നെല്‍കൃഷിക്ക് തടസം നില്‍ക്കുന്ന വനംവകുപ്പ് നടപടി അംഗീകരിക്കാനാവില്ലെന്നും, കിസാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.കിസാന്‍കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അഡ്വ. ജോഷി സിറിയക്, സംസ്ഥാനസെക്രട്ടറി വി ടി തോമസ്, ബത്തേരി ബ്ലോക്ക് പ്രസിഡന്റ് വിജയന്‍ തോപ്രാംകുടി,ഷിനോജ് കളപ്പുര, ആന്റണി ചോലിക്കര, ജെയിംസ് മാപ്പനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ കൊളവളളിപ്പാടം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വയലില്‍ കൃഷിയിറക്കുന്നതിന് മുന്നോടിയായി വിത്ത് വിതക്കുന്നുള്‍പ്പെടെയുള്ള എല്ലാ വിധ കാര്‍ഷികജോലികളും ചെയ്തതിന് ശേഷമാണ് വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചും ജണ്ട കെട്ടിയും, വാച്ചര്‍മാരെ കാവല്‍ നിര്‍ത്തിയും കൃഷി തടസപ്പെടുത്തിയിരിക്കുന്നത്.വര്‍ഷങ്ങളായി കൃഷി ചെയ്ത് ഉപജീവനം നടത്തിവരുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ഇത്തവണ കൃഷിയിറക്കാന്‍ അനുവദിക്കാത്ത വനംവകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണ്. ഗോത്രവിഭാഗങ്ങളോടുള്ള ഈ വെല്ലുവിളി അംഗീകരിക്കാനാവില്ല. നടപടിയുണ്ടാകാത്ത പക്ഷം പ്രക്ഷോഭപരിപാടികള്‍ക്ക് വരുംദിവസങ്ങളില്‍ രൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.