ലോകം ടോക്കിയോയില്‍;അതിജീവനത്തിന്റെ സന്ദേശവുമായി കായികമേളയ്ക്ക് ഇന്ന് തിരിതെളിയും

0

അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റം. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.താരോദയങ്ങള്‍ക്കായി ഉദയസൂര്യന്റെ നാട് ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ അസാധാരണ കാലത്ത് കൂടുതല്‍ വേഗവും കൂടുതല്‍ ഉയരവും കൂടുതല്‍ കരുത്തിനുമൊപ്പം ഒരുമയുടെ സന്ദേശവുമായാണ് ടോക്കിയോ ഒളിംപിക്സിന് തിരിതെളിയുന്നത്. മഹാമാരിക്കാലത്തെ ഒളിംപിക്സില്‍ കാണികള്‍ക്ക് പ്രവേശനമില്ല. മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും മുന്നില്‍ അണിനിരക്കുക ഗ്രീസാണ്. അക്ഷരമാലാ ക്രമത്തില്‍ ഇരുപത്തിയൊന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. മലയാളി താരം സജന്‍ പ്രകാശ് ഉള്‍പ്പടെ ഇന്ത്യന്‍ സംഘത്തില്‍ ഇരുപത്തിയാറുപേര്‍ മാത്രമേയുണ്ടാവൂ. മന്‍പ്രീത് സിങ്ങും മേരി കോമും ഇന്ത്യന്‍ പതാകയേന്തും. ആതിഥേയരായ ജപ്പാനാണ് ഒടുവില്‍ അണിനിരക്കുക. അഭയാര്‍ഥി ടീമില്‍ 29 പേര്‍ പങ്കെടുക്കുന്നതും സവിശേഷതയാണ്.
നിലവിലെ സാഹചര്യം പരിഗണിച്ചുള്ള ആട്ടവും പാട്ടും മേളവുമെല്ലാമാണ് ചടങ്ങിനുണ്ടാവുക.. വ്യോമസേന ആകാശത്ത് ഒളിംപിക് വളയങ്ങള്‍ തീര്‍ക്കും. പിന്നാലെ ഒളിംപിക്സ് ഉദ്ഘാടനം ചെയ്തതായി ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോ പ്രഖ്യാപിക്കും. പതിനഞ്ച് രാഷ്ട്രത്തലവന്‍മാര്‍ ചടങ്ങിന് സാക്ഷിയാവും.
അമേരിക്കയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. അടുത്ത വെള്ളിയാഴ്ചയാണ് അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. കൊവിഡ് കാരണം നിരവധി താരങ്ങളും ഉത്തരകൊറിയയും ഗിനിയയുമെല്ലാം വിട്ടുനില്‍ക്കുന്ന ഒളിംപിക്സില്‍ പുതുചരിത്രം കുറിക്കാന്‍ ഇന്ത്യയും തയ്യാര്‍. ആദ്യ ദിവസങ്ങളില്‍ തന്നെ മെഡല്‍പട്ടികയില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം.

Leave A Reply

Your email address will not be published.

error: Content is protected !!