മതിയായ സീറ്റുകളില്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ പ്ലസ് വണ്‍ പഠനത്തിന് അവസരം ലഭിക്കില്ല.ആദിവാസി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇത്തവണ ഉപരിപഠനം നടത്താനുള്ള സാധ്യതയാണ് ഇതോടെ മങ്ങുന്നത്.എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ ജില്ലയില്‍ 11518 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.പ്ലസ്ടു, വി എച്ച് സി വിഭാഗങ്ങളിലായി 9460 സീറ്റുകളാണ് ജില്ലയില്‍ ആകെയുള്ളത്.
പോളിടെക്നിക്ക് അടക്കമുള്ള മറ്റ് പഠനസൗകര്യങ്ങള്‍ക്കായി കേവലം അഞ്ഞൂറോളം സീറ്റുകള്‍ മാത്രമാണ് ജില്ലയിലുള്ളത്. അങ്ങനെയെങ്കില്‍ 1500-ലധികം കുട്ടികള്‍ക്ക് ഇത്തവണ ജില്ലയില്‍ പഠനസൗകര്യമുണ്ടാവില്ല.ജില്ലയില്‍ ആകെ 61 ഹയര്‍സെക്കന്ററി സ്‌കൂളുകളാണുള്ളത്.ഇതില്‍ 36 സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 104 ബാച്ചുകളും, 19 എയ്ഡഡ് സ്‌കൂളുകളില്‍ 59 ബാച്ചുകളും, ഒരു സ്പെഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെ 5 അണ്‍എയ്ഡഡ് സ്‌കൂളുകളിലായി ഏഴോളം ബാച്ചുകളുമാണ് നിലവിലുള്ളത്.ഗവ. സ്‌കൂളുകളില്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി 5000 സീറ്റുകളും, എയ്ഡഡ് സ്‌കൂളുകളില്‍ 2950 സീറ്റുകളും, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 700 സീറ്റുകളുമടക്കം ജില്ലയിലാകെ 8650 സീറ്റുകളാണ് ആകെയുള്ളത്.വി എച്ച് സി വിഭാഗത്തില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളിലും, രണ്ട് എയ്ഡഡ് സ്‌കൂളിലുമായി 810 സീറ്റുകളാണ് വേറെയുള്ളത്. പല വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണ ഇഷ്ടവിഷയം പഠിക്കാനുള്ള അവസരവും ജില്ലയിലുണ്ടാവില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സയന്‍സ് വിഭാഗത്തില്‍ 1800, ഹ്യുമാനിറ്റീസില്‍ 1550, കൊമേഴ്സില്‍ 1650, എയ്ഡഡ് സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ 1600, കൊമേഴ്സ് 650, ഹ്യുമാനിറ്റീസ് 700 എന്നിങ്ങനെയാണ് എയ്ഡഡ് സ്‌കൂളിലെ സീറ്റുകളുടെ എണ്ണം. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ പരിശോധിച്ചാല്‍ സയന്‍സില്‍ 450, കൊമേഴ്സില്‍ 250 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. 2566 പേരാണ് ഇത്തവണ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍. ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികളും പ്രവേശനത്തിന്റെ കാര്യത്തില്‍ വന്‍പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നത്. ജനസംഖ്യക്ക് ആനുപാതികമായി സംവരണമില്ലാത്തതാണ് പ്രധാനപ്രശ്നം. 2815 പേരാണ് ജില്ലയില്‍ എസ് സി-എസ് ടി വിഭാഗത്തില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷ പാസായത്. ഇതില്‍ തന്നെ 2287 പേര്‍ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവരാണ്. വളരെ പിന്നോക്കം നില്‍ക്കുന്ന കാട്ടുനായ്ക്ക, പണിയ അടക്കമുള്ള വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്കെല്ലാമായി ജില്ലയില്‍ സംവരണം ചെയ്തിരിക്കുന്നത് പരമാവധി 700 സീറ്റുകള്‍ മാത്രമാണെന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയായിട്ടും വയനാടിനോടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവഗണന തുടരുന്നതില്‍ ജില്ലയില്‍ പ്രതിഷേധം ശക്തമാണ്. ജില്ല വിദ്യാഭ്യാസ ഓഫീസറുടെയടക്കം ഒട്ടനവധി തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഗോത്രവിഭാഗം വിദ്യാര്‍ഥികളോടുള്ള അവഗണനയും തുടര്‍ക്കഥയാണ്. ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ്‌പോക്കും പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തിട്ടും ഹാജരാവാതിരുന്നതുമെല്ലാം പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അശ്രദ്ധയാണെന്ന ആരോപണം ശക്തമാണ്. പകുതി സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ക്കും ഇത്തവണത്തെ പരീക്ഷയിലും സംസ്ഥാന ശരാശരിക്കൊപ്പമെത്താനായില്ല. പരീക്ഷയെത്താറായിട്ടും വിവിധ ഭാഷാ വിഷയങ്ങളുടെയും പ്രധാനധ്യാപകരുടെയും ഒഴിവുണ്ടായ തസ്തികകള്‍ നികത്താന്‍ പോലും തയ്യാറാകാത്തതിലും ജില്ലയില്‍ അമര്‍ഷം ശക്തമാണ്. ഇതിനിടയിലാണ് പ്ലസ് വണ്‍ പ്രവേശനത്തിന് മതിയായ സീറ്റുകളില്ലാത്ത വിഷയം കൂടി ഇപ്പോള്‍ സജീവചര്‍ച്ചയായി മാറിയിരിക്കുന്നത്.