സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ കേരളാ ഹൈക്കോടതി 

0

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ കേരളാ ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം സര്‍ക്കാര്‍ എന്തുകൊണ്ടാണ് കര്‍ശനമായി നടപ്പാക്കാത്തതെന്നും ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്‌സ് നിയമനം നടപ്പില്‍ വരുത്താത്തത് എന്താണെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിനി ഡോ.ഇന്ദിരാ രാജന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടി.

സ്ത്രീധനത്തിന്റെ പേരില്‍ ഇരയാക്കപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും വിവാഹ സമയത്തോ അനുബന്ധമായോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്‌ട്രേഷന്‍ നടത്താവു എന്ന് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ സ്ത്രീധന-ഗാര്‍ഹിക പീഡനകേസുകളും വിവാഹ ശേഷമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുതാല്‍പ്പര്യഹര്‍ജി. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ക്ക് ഇരയായി മരിച്ച വിസ്മയയുടെ ദാരുണ സംഭവമടക്കം പുറത്ത് വന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!