സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍; വനിത കമ്മീഷനില്‍ തീര്‍പ്പാകാതെ പകുതിയില്‍ അധികവും

0

നാല് വര്‍ഷത്തിനിടെ വനിത കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളില്‍ പകുതിയിലധികവും തീര്‍പ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 2017 മെയ് മുതല്‍ 2021 ഫെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്തത് 169 കേസുകളാണ്. എന്നാല്‍ 83 എണ്ണം മാത്രമാണ് കമ്മീഷന്‍ തീര്‍പ്പാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കി.

സ്ത്രീധന പീഡനമുള്‍പ്പടെ വിവിധ വിഷയങ്ങളിലായി കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ വനിതാ കമ്മീഷനില്‍ എത്തിയത് ഒന്‍പതിനായിരത്തോളം പരാതികളാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട് മാത്രം 2017 മെയ് 25 മുതല്‍ 2017 ഫെബ്രുവരി പന്ത്രണ്ട് വരെ രജിസ്റ്റര്‍ ചെയ്തതാകട്ടെ 169 കേസുകളും. എന്നാല്‍ വനിത കമ്മീഷന്‍ തീര്‍പ്പാക്കിയതാകട്ടെ 3648 കേസുകള്‍ മാത്രം. 4047 കേസുകള്‍ നിലവില്‍ തീര്‍പ്പാക്കിയിട്ടില്ല എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

നാല് വര്‍ഷത്തിനിടെ ലഭിച്ച സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ 83 കേസുകള്‍ മാത്രമാണ് കമ്മീഷന്റെ ഇടപെടലുണ്ടായത്. പകുതിയിലധികം കേസുകളില്‍ ഇതുവരെയും കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടില്ല.

ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 124 കേസുകളില്‍ 39 കേസുകളിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. തൊഴിലിടങ്ങളിലെ മാനസിക പീഡനം, കുടുംബ പ്രശ്നങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, പൊലീസിനെതിരെയുള്ള പരാതികള്‍ തുടങ്ങി നിരവധി കേസുകളാണ് വനിത കമ്മീഷനില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നത്.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആത്മഹത്യകളടക്കം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ പരിഗണിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. വിവരകാശ നിയമപ്രകാരം ഒരു പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!