സംസ്ഥാനത്ത് മൂന്നാമതായി മാനന്തവാടി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ മാനന്തവാടി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് പാലുല്പാദനത്തില്‍ സംസ്ഥാനത്ത് മൂന്നാമത്. കോവിഡ് പ്രതിസന്ധിക്കിടയിലും അധികം പാല്‍ ഉല്‍പാദിപ്പിച്ച് ക്ഷീര മേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് മുന്നേറിയാണ് മാനന്തവാടി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. സംസ്ഥാനത്ത് 152 ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളാണ് ഉളളത്.
മാനന്തവാടി ബ്ലോക്കിലെ ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ പ്രതി ദിനം 78000 ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. പ്രതിദിനം 21000 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മാനന്തവാടി ക്ഷീരോല്‍പാദക സംഘമാണ് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന ക്ഷീരസംഘം. സംരംഭകര്‍ കൂടിയതോടെ ക്ഷീര സംഘങ്ങളില്‍ പ്രതിദിനം 12000 ലിറ്റര്‍ പാലിന്റെ വര്‍ദ്ധനവ് ഉണ്ടായെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ക്ഷീര വികസന വകുപ്പ് പ്ലാന്‍ ഫണ്ട് മുഖേന 25 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ഒരു പശു യൂണിറ്റ്, ഗോധാനം, 2പശു യൂണിറ്റ്, 5പശു യൂണിറ്റ്, കിടാരി യൂണിറ്റ്, സമ്മിശ്ര ഡയറി യുണിറ്റ്, തൊഴുത്തു നിര്‍മാണം, കറവയന്ത്രം, ബയോഗ്യാസ് പ്ലാന്റ്, തീറ്റ പുല്‍കൃഷി പദ്ധതി എന്നിവയും ക്ഷീര സംഘങ്ങളുടെ ആധുനിക വല്‍ക്കരണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി. ഇക്കാലയളവില്‍ ക്ഷീര സംഘങ്ങള്‍ വഴി 10050 ചാക്ക് കാലിത്തീറ്റ സബ്സിഡി നിരക്കില്‍ വിതരണം ചെയ്തിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെയും ബ്ലോക്കിലെ 5 ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്ത പദ്ധതി ആയി ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില സബ്സിഡിയായി യൂണിറ്റ് ഓഫീസ് മുഖേന 1.60 കോടി രൂപ പാല്‍ ഇന്‍സെന്റീവായി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. പാലളവ് അനുസരിച്ചു ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാലളവിനു ആനുപാതികമായി ലിറ്ററിനു പരമാവധി 3 രൂപ പ്രകാരം 40000 രൂപ വരെയാണ് സബ്സിഡി നല്‍കിയത്. ഇതില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപയും അനുവദിച്ചു. നിലവില്‍ 500 ഹെക്ടര്‍ തീറ്റപുല്‍കൃഷി തോട്ടങ്ങളും ബ്ലോക്ക് പരിധിയില്‍ ഉണ്ട്.
ക്ഷീര സ്വാന്തനം സമഗ്ര ക്ഷീര കര്‍ഷക ഇന്‍ഷുറന്‍സ് പ്രകാരം ആയിരത്തോളം പശുക്കളെയും 400 ക്ഷീര കര്‍ഷകരെയും സമഗ്ര ഇന്‍ഷൂറന്‍സ് കവറേജില്‍ ചേര്‍ത്തിട്ടുണ്ട്. പരമാവധി 1 ലക്ഷം രൂപ വരെ ചികിത്സ ചെലവ് ഇതുവഴി കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിക്കും. പശുക്കള്‍ മരണപ്പെട്ടപ്പോള്‍ 50000 രൂപ മുതല്‍ 70000 രൂപ നഷ്ട പരിഹാരം ഉടമകള്‍ക്ക് നല്‍കും. 2020-21 വര്‍ഷം ഏകദേശം 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക വിവിധ കര്‍ഷകര്‍ക്ക് മാനന്തവാടി ബ്ലോക്ക് യൂണിറ്റില്‍ നിന്നും വിതരണം ചെയ്തു. പ്രധാന്‍ മന്ത്രി കിസാന്‍ യോജന വഴി 2500 ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിക്കുകയും വിവിധ ബാങ്കുകള്‍ വഴി 4 കോടി രൂപ കാര്‍ഷിക ലോണ്‍ നല്‍കുകയും ചെയ്തു. കൂടാതെ മാനന്തവാടി ബ്ലോക്കിലെ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കാലിത്തൊഴുത്ത് നിര്‍മ്മാണം , തീറ്റപ്പുല്‍ കൃഷി, അസോള കൃഷി തുടങ്ങിയവയ്ക്ക്് തൊഴില്‍ ദിനങ്ങളും അനുവദിച്ചുവരുന്നു.