കബനി പുഴ കടന്ന് കര്‍ണാടകയിലേക്ക് മദ്യത്തിനായും മറ്റും ആളുകള്‍ പോകുന്നത് തടയാന്‍ ശക്തമായ നടപടികളുമായി അധികൃതര്‍.ഇതിന്റെ ഭാഗമായി പോലീസ് പെരിക്കല്ലൂര്‍ മരക്കടവ്, കൊളവളളി ഭാഗങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ പട്രോളിങ്ങും ശക്തമാക്കി. കബനി പുഴക്കരയില്‍ മൂന്ന് മദ്യശാലകളാണ് ഉള്ളത്. ഇവിടങ്ങളില്‍ മദ്യപിക്കാനും മറ്റും കാലത്ത് തന്നെ ആളുകള്‍ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ നടപടികള്‍ ശക്തമാക്കിയത്.
കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി പെരിക്കല്ലൂര്‍ തോണിക്കാരും അടച്ചിരിക്കുകയാണ്. രാവിലെ 8 മുതല്‍ 10 വരെ കര്‍ണാടകയില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതിയുണ്ട്.അതിര്‍ത്തി പ്രദേശങ്ങളിലെ നിരവധി കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ആദിവാസി കോളനികളിലടക്കം നിരവധി രോഗികളാണ് ഉള്ളത്.ഇവരുടെ സമ്പര്‍ക്കം മൂലം അനുദിനം രോഗികളുടെ എണ്ണം കൂടി വരികയാണ്. അതിനിടെ കബനി നദി കടന്ന് കര്‍ണാടകയിലേക്കും കേരളത്തിലേക്കും അനധികൃതമായി വരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു.