ലോക്ക്ഡൗണിനോട് അനുബന്ധിച്ച് കേരളാ-അതിര്‍ത്തി പ്രദേശമായ കബനിതീരത്ത് പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാപൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെയായിരുന്നു അതിര്‍ത്തിമേഖലയായ കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. കബനിനദി കടന്ന് ആളുകള്‍ കര്‍ണാടകയില്‍ പോയി മടങ്ങിയെത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരെ നിരീക്ഷണത്തിനും, പരിശോധനക്കുമായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ആളുകള്‍ കര്‍ണാടകയില്‍ പോയി മടങ്ങിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍ പെരിക്കല്ലൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മേഖലയില്‍ രോഗവ്യാപനം രൂക്ഷമായി ക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ കൂടിയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ടൗണിലും ഗ്രാമപ്രദേശങ്ങളിലുമുള്‍പ്പെടെ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നന്നും അധികൃതര്‍ വ്യക്തമാക്കി. ജില്ലാകലക്ടറും, ജില്ലാ പൊലീസ് മേധാവിയും സ്ഥലം സന്ദര്‍ശിച്ചതോടെ പ്രദേശത്ത് ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കാനുള്ള നടപടികളിലാണ് പൊലീസെന്ന് എസ് ഐ പ്രശാന്ത് പറഞ്ഞു.