മാനന്തവാടിയിലെ പരാജയം ഡിസിസി  സമിതി അന്വേഷിക്കും 

0

മാനന്തവാടി നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.സി.സി. അന്വേഷണസമിതിയെ നിയമിച്ചു.ഡി.സി.സി. വൈസ് പ്രസിഡന്റ് എം.എ. ജോസഫ് ചെയര്‍മാനായ സമിതിയില്‍ ജനറല്‍ സെക്രട്ടറിമാരായ മോയിന്‍ കടവന്‍, പി.ഡി. സജി എന്നിവര്‍ അംഗങ്ങളാണ്.15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.സി.സി. അധ്യക്ഷന്‍ ഐ.സി. ബാലകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയോജകമണ്ഡലത്തിലെ കെ.പി.സി.സി. നേതാക്കള്‍, ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം, ബൂത്ത് പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെയും ഘടകകക്ഷികളുടെയും നേതാക്കന്‍മാര്‍, നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകമ്മിറ്റിയംഗങ്ങള്‍ എന്നിവരില്‍നിന്ന് സമിതി വിവരം ശേഖരിക്കും. വിജയം പ്രതീക്ഷിച്ച മാനന്തവാടിയില്‍ വന്‍ തോല്‍വി നേരിടേണ്ടി വന്നത് കോണ്‍ഗ്രസില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അന്വേഷിക്കുന്നത്.മാനന്തവാടിയിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മൂന്നു ഡി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ കഴിഞ്ഞദിവസം സ്ഥാനം രാജിവെച്ചിരുന്നു. എം. വേണുഗോപാല്‍, കമ്മന മോഹനന്‍, എം.ജി. ബിജു എന്നിവരാണ് തോല്‍വിക്കുപിന്നാലെ ഡി.സി.സി. ജനറല്‍സെക്രട്ടറിസ്ഥാനം രാജിവെച്ചത്. എം. വേണുഗോപാല്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റിയുടെ ജനറല്‍കണ്‍വീനറും കമ്മന മോഹന്‍, എം.ജി. ബിജു എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായിരുന്നു.തോല്‍വിയുടെ കാരണം നേതൃത്വം അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
തങ്ങള്‍ക്ക് ആധിപത്യമുള്ള തദ്ദേശസ്ഥാപനങ്ങളില്‍പോലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതിരുന്നതാണ് മാനന്തവാടിയില്‍ യു.ഡി.എഫിനെ തോല്‍വിയിലേക്ക് നയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!