പിടിച്ചുനില്‍ക്കാനാകാതെ ജില്ലയിലെ സ്വകാര്യ ബസ് മേഖല

0

കോവിഡ് രണ്ടാം തരംഗത്തിലും പിടിച്ചുനില്‍ക്കാനാകാതെ ജില്ലയിലെ സ്വകാര്യ ബസ് മേഖല. പല പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയതോടെ ബസ് സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
മറ്റിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബസുകള്‍ക്ക് ലഭിക്കുന്ന വരുമാനം സര്‍വീസ് നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവിനുപോലും തികയാത്ത സ്ഥിതിയാണ്.

പൊതുവേ നഷ്ടത്തിലോടുന്ന സ്വകാര്യ ബസ് മേഖലയെ ഇപ്പോഴത്തെ അവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടും.
കോവിഡിനുമുമ്പ് ജില്ലയില്‍ 320-ഓളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ വലിയൊരു ശതമാനം ബസുകള്‍ കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിലുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് നിരത്തുകളില്‍നിന്നും പൂര്‍ണമായി പിന്‍വാങ്ങി.ചെറിയ ശതമാനം ബസുകള്‍ മാത്രമാണ് സാധാരണ രീതിയില്‍ സര്‍വീസ് പുനഃരാരംഭിച്ചത്. കോവിഡിന്റെ ആദ്യ വരവില്‍നിന്ന് ഒരുവിധത്തില്‍ കരകയറിവരുന്ന സമയത്താണ് ഇപ്പോഴത്തെ പ്രതിസന്ധി. ഏപ്രില്‍ രണ്ടാംവാരം മുതലാണ് സ്ഥിതി വളരെ മോശമായിത്തുടങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും വര്‍ക്ക് അറ്റ് ഹോം പുനരാരംഭിക്കുകയും മറ്റു നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതോടെ യാത്രക്കാര്‍ തീരെ കുറഞ്ഞു. ഡീസലിനുള്ള പണം പോലും കിട്ടാത്ത സര്‍വീസുകളുണ്ട്. നഷ്ടത്തിന്റെ തോത് കൂടിയതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ നിര്‍ബന്ധിതരായത്.ഇതേ സ്ഥിതി തുടര്‍ന്നാല്‍ നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന മറ്റു ബസുകളും കട്ടപ്പുറത്ത് കയറ്റിയിടേണ്ടിവരും. നിലവില്‍ 20 ശതമാനത്തോളം ബസുകള്‍മാത്രമാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നതെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!