ആര്‍.ടി.പി.സി.ആര്‍ പരിശോധന ലാബ് തുടങ്ങാൻ ജില്ലാ പഞ്ചായത്ത് 

0

ജില്ലയിലെ ആർ.ടി.പി.സി.ആർ ഫലം വേഗത്തിലാക്കാനൊരുങ്ങി വയനാട് ജില്ലാ പഞ്ചായത്ത്ആര്‍.ടി.പി.സി.ആര്‍, ആര്‍.എന്‍.എ എക്‌സ്ട്രാക്ടര്‍, മെഷീനുകള്‍ വാങ്ങുംവയനാട്ടില്‍  നിലവില്‍ സ്രവമെടുത്ത് മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പരിശോധന ഫലങ്ങള്‍ വരുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ അറിയാനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കാനുള്ള ലക്ഷ്യമാണ് ജില്ലാ പഞ്ചായത്തിന്. നിലവില്‍ വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബിലും പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലുമാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടക്കുന്നത്.

എന്നാല്‍ ഇവിടെ നിന്നും പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ ദിവസങ്ങളെടുക്കുകയാണ്. നിലവില്‍ ഇവിടങ്ങളില്‍ മൂന്നോ, നാലോ ആളുകളുടെ മണിക്കൂറുകള്‍ നീളുന്ന അധ്വാനമാണ് ഒരു ടെസ്റ്റ് ഫലത്തിനായി വേണ്ടിവരുന്നത്. ഇക്കാരണത്താലാണ് ഫലം ദിവസങ്ങള്‍ വൈകുന്നത്. അതേസമയം ആര്‍.എന്‍.എ എക്‌സ്ട്രാക്ടര്‍ മെഷീന്‍ ഉപയോഗിക്കുകയാണെങ്കില്‍ മണിക്കൂറില്‍ 250-300 ആളുകളുടെ പരിശോധനാ ഫലം നല്‍കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ പറയുന്നത്. ഇത് മനസിലാക്കിയാണ് ജില്ലാ പഞ്ചായത്ത്  ആര്‍.ടി.പി.സി.ആര്‍ മെഷീനിന് പുറമെ ഒരു ആര്‍.എന്‍.എ എക്‌സട്രാക്ടര്‍ മെഷീന്‍ കൂടി വാങ്ങാനുള്ള ആലോചനകള്‍ നടത്തുന്നത്. ഇത്തരത്തില്‍ ഒരു മെഷീന്‍ ജില്ലയിലെത്തിയാല്‍ മൂന്ന് ഷിഫ്റ്റായി മെഷീന്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ദിവസം 2500 മുതല്‍ 4000 വരെ ആളുകളുടെ പരിശോധന ഫലം നല്‍കാന്‍ കഴിയും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ രണ്ട് മെഷീനുകളും വാങ്ങി കല്‍പ്പറ്റയില്‍ തന്നെ താല്‍ക്കാലിക ലാബ് സജ്ജീകരിച്ച് അവിടെ പരിശോധനകള്‍ വേഗത്തിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ഇന്ന് ചേർന്ന അടിയന്തിര ബോർഡ് മീറ്റിംഗിൽ ഐക്യകണ്ഠേനെയാണ് തീരുമാനമെടുത്തത് . ജില്ലയിലെ ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന എന്നതിനാലാണ് മെഷീനുകള്‍ എത്രയും പെട്ടെന്ന് വാങ്ങാനുള്ള ആലോചനകള്‍ നടത്തിയത്.

ആരോഗ്യ വിദഗദ്‌രുമായി ആശയവിനിമയം നടത്തിയപ്പോള്‍ വയനാട്ടില്‍ ഏറെ അത്യാവശ്യമാണ് ആര്‍.എന്‍.എ എക്‌സട്രാക്ടര്‍ എന്ന് മനസിലായെന്നും സംഷാദ് കൂട്ടിച്ചേര്‍ത്തു. ജില്ലാ മൃഗാശുപത്രിയിലേക്ക് ആര്‍.ടി.പി.സി.ആര്‍ മെഷീന്‍ വാങ്ങാന്‍ 20 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നു. ഇതിനോടൊപ്പം 35 ലക്ഷം രൂപ കൂടി വകയിരുത്തിയാലേ ആര്‍.എന്‍.എ എക്‌സട്രാക്ടര്‍ വാങ്ങാന്‍ സാധിക്കൂ. ഈ തുക കൂടി ബോര്‍ഡ് മീറ്റിംഗില്‍ അനുമതി വാങ്ങി രണ്ട് മെഷീനുകളും എത്രയും പെട്ടെന്ന് ജില്ലയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി നടത്തുന്നത്. ഇവരുടെ ലക്ഷ്യം സാക്ഷാത്കരിച്ചാല്‍ വയനാട്ടില്‍ ആര്‍.ടി.പി.സി.ആര്‍ ഫലത്തിനായി ദിവസങ്ങള്‍ കാത്തിരിക്കുന്ന പ്രവണതക്ക് പരിഹാരമാകും. ഒപ്പം പോസിറ്റീവ് ആകുന്നവര്‍ക്ക് ഏറ്റവും അടുത്ത നിമിഷത്തില്‍ തന്നെ ചികിത്സ തുടങ്ങാനും സാധിക്കും. ജില്ലയുടെ ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാവുന്ന തീരുമാനമാണ് നിലവില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് വൈസ് പ്രസിഡൻ്റ് എസ്.ബിന്ദു,സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷാ തമ്പി ,ബീന ജോസ്, മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!