എന്താണ് ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി? അഞ്ച് കാര്യങ്ങൾ

0

നീണ്ട ഇടവേളയ്‌ക്കു ശേഷം ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ-ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ജോജി’. ഷേക്‌സ്‌പിയർ രചനയായ ‘മക്‌ബത്’ അവലംബിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ഒരു ചിത്രമുണ്ടാവുമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ സൂചിപ്പിച്ചിരുന്നു. ശേഷം ആമസോൺ പ്രൈം റിലീസായി എത്തിയ ചിത്രമാണ് ‘ജോജി’. ഈ സിനിമയിലെ അഞ്ച് സുപ്രധാന ഘടകങ്ങൾ എന്തെല്ലാം എന്നറിയാം

1. മികച്ച സാമ്പത്തിക അടിത്തറയുള്ള, ആരോഗ്യവും ചുറുചുറുക്കുമുള്ള, എഴുപതുകൾ പിന്നിട്ട കുട്ടപ്പൻ എന്നയാളും മൂന്നു മക്കളും അടങ്ങുന്ന കുടുംബ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് ‘ജോജി’. കോവിഡ് പ്രതിസന്ധി കാലത്താണ് സിനിമയുടെ പരിസരം. മൂത്ത മകൻ ജോമോൻ (ബാബുരാജ്), രണ്ടാമൻ ജെയ്സൺ (ജോജി മുണ്ടക്കയം), ജെയ്‌സന്റെ ഭാര്യ ബിൻസി (ഉണ്ണിമായ പ്രസാദ്), ഇളയവൻ ജോജി (ഫഹദ് ഫാസിൽ) ഇവരെക്കൂടാതെ ജോമോന്റെ മകൻ പോപ്പി എന്നിവരാണ് കുടുംബാംഗങ്ങൾ. കുട്ടപ്പന് പക്ഷാഘാതം പിടിപെടുന്ന സാഹചര്യത്തിൽ നിന്നും ആരംഭിക്കുന്ന മർഡർ-ഡ്രാമയാണ് ‘ജോജി’.2. സാമ്പത്തിക അച്ചടക്കമുള്ള പിതാവിന്റെ ഉത്തരവാദിത്ത ബോധമില്ലാത്ത മക്കളിലൂടെയുള്ള കഥാപശ്ചാത്തലങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ‘ജോജി’ എന്ന സിനിമയും, സർവോപരി കഥാനായകൻ ജോജിയും. അച്ഛൻ മരിച്ചാൽ സ്വത്തുക്കൾ നേടിയെടുക്കാനുള്ള മക്കളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും വഴിയേ വെളിപ്പെട്ടു വരുന്നു. സിനിമയിലും സീരിയലുകളിലും കണ്ടുപരിചയിച്ച കൊലപാതക കഥകളെ അപേക്ഷിച്ച് നാട്ടിൻപുറത്ത് നടക്കുന്ന ഒരു കഥയുടെ ഒഴുക്ക് മാത്രമേ ഇവിടെയുള്ളൂ.

3. പതിഞ്ഞ താളത്തിനൊപ്പമുള്ള യാത്ര രണ്ടു മണിക്കൂറോളം വരുന്ന സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഉണ്ടാവും. ഒരിക്കലും ഈ താളം കോമ്പ്രമൈസ് ചെയ്യാൻ എങ്ങും ശ്രമം നടത്തിയിട്ടില്ല. അതുകൊണ്ട് കഥാപാത്രങ്ങളും അവരുടെ പ്രകടനവും ചേർത്തു വായിക്കുക അനിവാര്യം.

4. സാഹിത്യാഭിരുചിയുള്ളവർക്കോ, മക്‌ബത് പരിസരങ്ങൾ പരിചയമുള്ളവർക്കോ കഥയുടെ ഗതി പലയിടങ്ങളിലും പ്രവചിക്കാൻ അവസരം ലഭിച്ചേക്കാം. സമ്പത്തിനോടുള്ള വ്യാമോഹവും, അതിനായി സ്വീകരിക്കുന്ന വളഞ്ഞ വഴിയും, ചെയ്ത കുറ്റം മറയ്ക്കാൻ വീണ്ടും കുറ്റകൃത്യത്തിലേക്കു കടക്കുകയും ചെയ്യുന്ന നായകനെ ഇവിടെ കാണാം. ആയതിനാൽ സസ്പെൻസ് എത്രനേരം നിലനിൽക്കുമെന്ന കാര്യം സംശയത്തിലാണ്. ടെക്നിക്കൽ സങ്കേതങ്ങളുടെ അതിപ്രസരം ‘ജോജി’ പ്രേക്ഷകർക്കുമേൽ അടിച്ചേൽപ്പിക്കുന്നില്ല.

5. സിനിമയിലെ ഏക സ്ത്രീകഥാ ബിൻസി. ഒന്നും മിണ്ടാത്ത ഭാര്യ എന്ന നിലയിൽ നിന്നും കുറ്റകൃത്യങ്ങളിലേക്കുള്ള തീപ്പൊരിയായി മാറുന്ന ലേഡി മക്‌ബത് ആയി ഈ കഥാപാത്രത്തെ വായിച്ചെടുക്കാം. പതിഞ്ഞ സ്വരത്തിൽ സംസാരിക്കുകയും പല അവസരങ്ങളിലും മൗനം ഭാവിക്കുകയും ചെയ്യുന്ന ബിൻസി നിഗൂഢത നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ്.

ഫഹദ് ചിത്രങ്ങളിലെ ചുമതലകളുടെ അമിതഭാരം ഇവിടെയും നായകന് തന്നെയാണ്. പക്ഷെ സ്ക്രീനിലെ നിറഞ്ഞാട്ടത്തിന് ഫഹദിന് അധികം അവസരങ്ങൾ ഇല്ലെന്നു പറയാം. എന്നിരുന്നാലും ആരാധകർ കാത്തിരിക്കുന്ന എക്സ്പ്രെഷനുകളിലൂടെ ഫഹദ് വീണ്ടും കാഴ്ചക്കാരുടെ മുന്നിലെത്തുന്നു. മികച്ച സപ്പോർട്ട് നൽകി ജോജി മുണ്ടക്കയം, ഷമ്മി തിലകൻ, ബാബുരാജ് കഥാപാത്രങ്ങളും ചിത്രത്തിൽ ശ്രദ്ധേയപ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!